കുന്നംകുളം നഗരസഭ ഹോമിയോ ഡിസ്പെൻസറി കെട്ടിട നിർമാണോദ്ഘാടനം വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിരോധ മരുന്നുകൾക്കായി ഹോമിയോപ്പതി ചികിത്സ തേടുന്നവർക്ക് വലിയ ആശ്വാസമായിരിക്കും പുതിയ ഡിസ്പെൻസറിയെന്നു മന്ത്രി പറഞ്ഞു. ഇതിന്‍റെ പ്രവർത്തനങ്ങൾക്കു മുൻകൈയെടുത്ത നഗരസഭ ജീവനക്കാരെ അദ്ധേഹം പ്രത്യേകം അഭിനന്ദിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 30 ലക്ഷം രൂപയാണ് ഡിസ്പെൻസറിയുടെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. തൃശൂർ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറാണു പദ്ധതി നിർവഹണം നടത്തുന്നത്. ഇ-ടെണ്ടർ പ്രകാരം 26,65,799 രൂപയ്ക്കാണു കരാറുകാരൻ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. 1622 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ഒറ്റനിലയിലാണു കെട്ടിടം നിർമിക്കുന്നത്. കൺസൾട്ടിംഗ് റൂം, ഫാർമസി, റെസ്റ്റ് റൂം, സ്റ്റാഫ് റൂം, ഹാൾ, സ്റ്റോർ റൂം, രണ്ട് അറ്റാച്ച്ഡ് ടോയ്ലറ്റുകൾ, ഒരു പൊതു ടോയ്ലറ്റ്, സ്റ്റെയർ റൂം, വരാന്ത, റാമ്പ് എന്നിവ ഉൾപ്പെടുത്തിയാണു നിർമാണം. കെട്ടിടത്തിന്‍റെ ചുറ്റുമതിൽ, ഗേറ്റ് എന്നിവ നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും നഗരസഭ അധികൃതർ അറിയിച്ചു.
നഗരസഭയ്ക്കു സമീപമുള്ള 25 വർഷത്തിലധികം പഴക്കമുള്ള ഹോമിയോ ഡിസ്പെൻസറിയുടെ ശോചനീയാവസ്ഥയെ തുടർന്നാണ് പുതിയ ഡിസ്പെൻസറി ആവശ്യമായത്. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ശശി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ ഗംഗാധരൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി ആലിക്കൽ എന്നിവർ സംസാരിച്ചു. നഗരസഭ വൈസ്ചെയർമാൻ പി.എം. സുരേഷ് സ്വാഗതവും കുന്നംകുളം അസി. എക്സി. എഞ്ചിനീയർ നന്ദിയും പറഞ്ഞു.
