കോഴിക്കോട്‌: ബ്ലഡ് ഡോണേഴ്സ് ഡേയോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങളില്‍ നിപാ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ ബ്ലഡ് ഡോണേഴ്സ് ക്യാമ്പുകള്‍ വഴി സാധിക്കണമെന്നും രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരണമെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യ വകുപ്പും ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനും ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

ഈ മാസം 14 ന് ജില്ലാ ടൗണ്‍ ഹാള്‍, 17 ന് സി.എസ്.ഐ കത്രീഡല്‍ ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ബ്ലഡ് ഡോണേഴ്സ് ദിനമായ 14 ന് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ബോധവല്‍കരണ ക്ലാസും സെമിനാറുകളും നടത്തും. കൂടാതെ കൂടുതല്‍ രക്തം ദാനം ചെയ്ത വ്യകതികളെയും രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും ചടങ്ങില്‍ ആദരിക്കും.

സബ് കളക്ടര്‍ വി.വിഘ്നേശ്വരി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ അസ്സി.പ്രൊഫസര്‍ അര്‍ച്ചന രാജന്‍, ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9946636583, 9895881715.