കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുനലൂര്‍ നഗരസഭയില്‍ വാക്‌സിനേഷന്‍ ഉപകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ടി.ബി. ജംഗ്ഷനിലെ നെഹ്റു മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ആരംഭിച്ച ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം പി. എസ്.സുപാല്‍ എം.എല്‍.എ നിര്‍വഹിച്ചു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും ലഭ്യമാകണം. ഇതിനാണ് ഒരു ഉപകേന്ദ്രം കൂടി തുറന്നതെന്ന് എം.എല്‍.എ പറഞ്ഞു. ആദ്യ ദിവസം 300 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയത് നഗരസഭയാണ്. താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടറുടെയും നഴ്‌സുമാരുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും സേവനം ഇവിടെ ലഭ്യമാണ്. നഗരസഭാ അധ്യക്ഷ നിമ്മി എബ്രഹാം ചടങ്ങില്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാ രായ ഡി. ദിനേശന്‍, വസന്ത രഞ്ജന്‍, പി. എ. അനാസ്, കെ. പുഷ്പലത താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷ എന്നിവര്‍ പങ്കെടുത്തു.
ചിതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കമലയിലെ പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഫ്‌ളാറ്റിലെ ഡി.സി.സിയില്‍ 35 പേര്‍ ചികിത്സയിലുണ്ട്. 21 വാര്‍ഡുകളിലും ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകളുടെ വിതരണം പുരോഗമിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം പഞ്ചായത്ത് ടൗണ്‍ഹാളില്‍ പൊതുജനങ്ങള്‍ക്കായി ആന്റിജന്‍ പരിശോധനയും നടത്തുന്നുണ്ടെന്നു പ്രസിഡന്റ് എം. എസ്. മുരളി പറഞ്ഞു.