എറണാകുളം: ജില്ലയിലെ ഒൻപത് പഞ്ചായത്തുകളിൽ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളിലും 40 പഞ്ചായത്തുകളിൽ 15 ശതമാനത്തിനും മുകളിലാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കോവിഡ് പരിശോധനകൾ പ്രാദേശിക തലത്തിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

കോവിഡ് പരിശോധനക്കായി വാരപ്പെട്ടി മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി മാതൃകാപരമാണെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ഇതേ മാതൃക നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കും. പ്രതിദിന കോവിഡ് രോഗസ്ഥിരീകരണ നിരക്ക് അതത് പഞ്ചായത്തുകൾക്ക് കൈമാറാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

വ്യാഴാഴ്ച മുതൽ പഞ്ചായത്തുകൾക്ക് കൂടുതൽ വാക്സിനുകൾ നൽകാൻ സാധിക്കുമെന്ന് ജില്ലാ വാക്സിനേഷൻ ഓഫീസർ അറിയിച്ചു. ഇതിനായി പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകും. യോഗത്തിൽ എ.ഡി.എം എസ്. ഷാജഹാൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.