എറണാകുളം: സാങ്കേതിക കാരണങ്ങളാൽ കെ എസ് ആർ ടി സി ട്രിപ്പ് മുടങ്ങിയതിനെത്തുടർന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടർന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഇടപെട്ട് പരിഹരിച്ചു. ബദൽ കെഎസ്ആർടിസി സർവ്വീസ് ഒരുക്കിയാണ് പ്രശനപരിഹാരമുണ്ടാക്കിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് എറണാകുളം ജെട്ടിയിൽ ആകസ്മികമായി കെ എസ് ആർ ടി സി ബസ് സർവ്വീസ് തടസ്സപ്പെട്ടത്. സാമൂഹിക അകലം പാലിക്കാനാകാത്ത വിധം ആളുകൾ കൂടിയതോടെ യാത്രക്കാരിയായ വി സി മഞ്ജുള കുമാരി എംഎൽഎയെ ഫോണിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

ഒരു പൊതു ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരുന്ന കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ജില്ലാ കളക്‌ടർ എസ് സുഹാസിനെയും പോലീസിനേയും ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിന് നിർദ്ദേശിച്ചു. വൈകാതെ നടപടിയുമുണ്ടായി. കൂടുതൽ കെ എസ് ആർ ടി സി ബസുകൾ ജെട്ടി സ്റ്റാന്റിലെത്തി ജനങ്ങൾക്ക് യാത്ര സൗകര്യമൊരുക്കി. നായരമ്പലം അമ്മനത്ത് രാജേന്ദ്രന്റെ ഭാര്യയും കൊച്ചി മെട്രോയിൽ ഹൗസ് കീപ്പിംഗ് ജീവനക്കാരിയുമായ മഞ്ജുളകുമാരി എംഎൽഎയെ വിളിച്ച് നന്ദി അറിയിക്കുകയും ചെയ്‌തു.

ആകസ്മികമായി സംഭവിക്കുന്ന കാര്യങ്ങളിൽ ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധ പതിയുന്നതിനും പരിഹാരം കാണുന്നതിനും പൊതുസമൂഹത്തിന്റെ ഇടപെടലുകൾ സഹായിക്കുമെന്നു കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. ജനങ്ങൾ ആർജ്ജവത്തോടെ പ്രയാസങ്ങൾ അറിയിച്ചാൽ ഉടൻ പരിഹാരമുണ്ടാകുമെന്നതിന് ഉദാഹരണമാണ് ഈ സംഭവം. മഞ്ജുള കുമാരിയുടെ മാതൃക ആനുകരണീയയമാണെന്നും എംഎൽഎ പറഞ്ഞു.