പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വിദേശ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലാ മുനിസിപ്പല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വരെയുളള പാലാ റിവര്‍വ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് ദീര്‍ഘിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. നവനിര്‍മ്മാണ രീതികളും ഡിസൈനുകളും കാഴ്ചപ്പാടും അനുവര്‍ത്തിക്കാനാണ് നീക്കം. കയര്‍, പ്ലാസ്റ്റിക്, സ്വാഭാവിക റബ്ബര്‍ എന്നിവ ഉപയോഗിച്ചുളള നിര്‍മ്മാണ രീതിയിലൂടെ റോഡുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനായതായി അദ്ദേഹം പറഞ്ഞു. മീനച്ചിലാറിന് സമാന്തരമായി പാലത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന 1100 കി.മീ നീളമുളള റോഡിന്റെ പൂര്‍ത്തികരണം 24 മാസത്തിനകം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
കൊട്ടാരമറ്റത്ത് നിന്നും റിവര്‍വ്യൂ റോഡ് മുത്തോലി വരെ നീട്ടുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെ.എം മാണി എം.എല്‍.എ പറഞ്ഞു. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണവും ജോയ് എബ്രഹാം എം.പി അനുമോദന പ്രസംഗവും നടത്തി. ദക്ഷിണ മേഖലാ സൂപ്രണ്‍ിംഗ് എഞ്ചിനീയര്‍ ഇ. ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സെലിന്‍ റോയി, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിബി ഓടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ ബേബി, റാണി ജോസ്, സണ്ണി മുണ്‍ത്താനം, തോമസ് ജോര്‍ജ്ജ് തെക്കേല്‍, ബൈജു പുതിയിടത്ത് ചാലില്‍, റെനി ബിജോയ്, സി.ജി നാരായണന്‍ നായര്‍, സതി വിജയന്‍, ഇന്ദിര രാധാകൃഷ്ണന്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ഷീബാമോള്‍ ജോസഫ്, എം.പി സുമംഗല ദേവി തുടങ്ങിയവര്‍ സംസാരിച്ചു. ചീഫ് എഞ്ചിനീയര്‍ എം.എന്‍ ജീവരാജ് സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.