ഓരോ സര്‍ക്കാര്‍ സ്‌കൂളിനെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക  എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കടപ്പൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം. അതിനായി കഴിഞ്ഞ വര്‍ഷം തന്നെ സ്‌കൂളുകള്‍ ഹൈടെക് ആക്കുക, ഈ അധ്യായന വര്‍ഷം ആരംഭിക്കും മുന്‍പ് തന്നെ പാഠപുസ്തകം, യൂണിഫോം വിതരണം ആരംഭിക്കുക, കെട്ടിട നവീകരണം തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങള്‍ അധ്യായന വര്‍ഷം തുടങ്ങും മുന്‍പ് പൂര്‍ത്തിയാക്കി.  ഈ അധ്യായന വര്‍ഷം വിദ്യാര്‍ത്ഥികളുടെ മികവില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞു. ഓരോ വിദ്യാര്‍ത്ഥിയുടെയും കായിക ശേഷിയും സര്‍ഗശേഷിയും വികസിപ്പിച്ച് അവരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ശാസ്ത്രീയ പഠന രീതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ എത്തിയത്. ഈ വര്‍ഷത്തെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതിലും വലിയ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് 45000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയിട്ടുണ്ട്. ക്യാംപസുകള്‍ ലഹരി വിമുക്ത ഇടമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഓരോ വിദ്യാര്‍ത്ഥിയുടെയും മികവിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന പ്രവണതകളില്‍ നിന്ന് തന്നെ പിന്തിരിയുന്നതിന് പ്രേരണയാകും. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ആധുനീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മള്‍ട്ടി മീഡിയ ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വഹിച്ചു. 
 
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.86 കോടി രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളാണ് പുതിയ ബ്ലോക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള മള്‍ട്ടിമീഡിയ ഹാള്‍, ആധുനീകരിച്ച ലൈബ്രറി എന്നിവയും പുതിയ ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്. പ്ലസ്ടൂവിന് എല്ലാവിഷയത്തിലും എപ്ലസ് നേടിയ അഖിലാമോള്‍, എസ്.എസ്.എല്‍,സിക്ക് കൂടുതല്‍ മാര്‍ക്ക് നേടിയ ഗായത്രി ജി.എസ് എന്നിവരെ മന്ത്രി ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഖില്‍ മാധവന്‍ ചിരട്ടയില്‍ നിര്‍മ്മിച്ച ഉപഹാരം പ്രിന്‍സിപ്പല്‍ മന്ത്രി നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി. ഷാജി മാത്യു, ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, പിഡബ്ല്യൂഡി ബില്‍ഡിംഗ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു, പിടിഎ പ്രസിഡന്റ് എ.കെ ബാബു, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.