കാസർഗോഡ്: ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളിലും ടൂറിസം പോയിന്റുകള്‍ വികസിപ്പിച്ചെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി പദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിതിയില്‍ വരുന്നതും ടൂറിസം സ്‌പോര്‍ട്ടായി വികസിപ്പിക്കാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ സംബന്ധിച്ച വിശദ്ധമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും അവ അവലോകനം ചെയ്യുന്നതിനുമായി ജൂലൈ 15 നകം തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മന്ത്രി ഓണ്‍ലൈനായി യോഗം വിളിച്ചു ചേര്‍ക്കും. പ്രകൃതി സൗന്ദര്യം മാത്രമല്ല ഓരോ പ്രദേശത്തിന്റെയും സംസ്‌കാരവും ചരിത്രവും പ്രാദേശിക വൈവിധ്യങ്ങളുമെല്ലാം സമന്വയിപ്പിക്കുന്ന തരത്തില്‍ കാസര്‍കോട്ടെ പ്രാദേശിക സവിശേതകളെല്ലാം കോര്‍ത്തിണക്കിയുള്ള സമഗ്രമായ ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നത്. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും കണ്ടെത്തുന്ന ടൂറിസം സ്‌പോര്‍ട്ടുകള്‍ക്ക് അനുബന്ധമായി റോഡുകളുടെ അടക്കമുള്ള വികസനവും നടപ്പാക്കും.

മംഗലാപുരത്തേക്ക് എത്തുന്ന ടൂറിസ്റ്റുകളെ ജില്ലയിലേക്കാകര്‍ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിന്റെ ആദ്യ പടിയെന്നവണ്ണം കാസര്‍കോട് മഞ്ചേശ്വരം ബോര്‍ഡറില്‍ ജില്ലയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ തക്കവണ്ണമുള്ള സ്വാഗതകമാനം വേണമെന്ന് എ കെ എം അഷ്‌റഫ് എം എല്‍ എ ആവശ്യപ്പെട്ടു. ത് സംബന്ധിച്ച് നടപടികള്‍ എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ബി ആര്‍ ഡി സി, ഡി ടി പി സി എന്നിവയുടെ പദ്ധതികളും കോര്‍ത്തിണക്കിയായിരിക്കും ജില്ലയുടെ ടൂറിസം വികസനം നടപ്പാക്കുക. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന ടൂറിസം പദ്ധതികളെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മനത്രി നിര്‍ദ്ദേശം നല്‍കി.

കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയിലെ കാലതാമസം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. പ്രവര്‍ത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉദുമ മണ്ഡലത്തിലെ പ്രധാന ടൂറിസം സ്‌പോര്‍ട്ടുകളെ സംബന്ധിച്ചും നടപ്പിലാക്കാന്‍ സാധിക്കുന്ന പ്രധാന പദ്ധതികളെ സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ സി എച്ച് കുഞ്ഞമ്പു എം എല്‍ എ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. വലിയ പറമ്പയിലെ ടൂറിസം പദ്ധതികളും മലബാര്‍ റിവര്‍ ക്രൂയിസുമായി ബന്ധപ്പെട്ട് ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം രാജഗോപാലന്‍ എം എല്‍ എ മന്ത്രിയോട് ആവശ്യപ്പെട്ടു.

യോഗത്തില്‍ എം എല്‍ എ മാരായ എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, എ കെ എം അഷ്‌റഫ്, സി എച്ച് കുഞ്ഞമ്പു, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.