തൃശ്ശൂർ: ഇരട്ടപ്പുഴ ഗവ. എൽപി സ്കൂൾ സർക്കാർ തിരികെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് എംഎൽഎ എൻ കെ അക്ബർ വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി. അടയന്തരമായി തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.ചാവക്കാട് കടപ്പുറം പഞ്ചായത്തിന് കീഴിൽ നിലനിൽക്കുന്ന 100 വർഷത്തോളം പഴക്കമുള്ള വിദ്യാലയമാണ് ഇരട്ടപ്പുഴ ഗവ. എൽപി സ്കൂള്‍. തീരദേശ മേഖലയായ കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴയിലെ ദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം കൂടിയാണ് ഈ വിദ്യാലയം.
എന്നാൽ സ്വന്തമായി സ്ഥലം ഇല്ലാത്തതിനാൽ ഈ സര്‍ക്കാര്‍ വിദ്യാലയം വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചായത്ത് രാജ് നിയമഭേദഗതിക്ക് ശേഷം വിദ്യാലയത്തിന്റെ നടത്തിപ്പ് കടപ്പുറം ഗ്രാമപഞ്ചായത്തിന് നൽകി. എന്നാൽ പഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും അറ്റകുറ്റ പണികൾ നടത്താൻ സ്ഥലം ഉടമസ്ഥർ തയ്യാറാകാത്ത സാഹചര്യത്തിലാണ് വിദ്യാലയം തിരികെ ഏറ്റെടുക്കുന്നതിന് കടപ്പുറം ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്. അറ്റകുറ്റപണി പഞ്ചായത്ത് നടത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ഉടമസ്ഥർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നുവെങ്കിലും ഡെപ്യൂട്ടി ഡയറക്ടറോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേസ് ഡിസ്പോസ് ചെയ്തു.
കാലപ്പഴക്കമുള്ള സര്‍ക്കാര്‍ വിദ്യാലയം നിൽക്കുന്ന സ്ഥലത്തിന്റെ ഉടമ അറ്റകുറ്റപണി നടത്തുന്നതിനും സംരക്ഷിക്കുന്നതിനും തയ്യാറാകാത്ത സാഹചര്യത്തിൽ സ്കൂള്‍ ഏറ്റെടുക്കാനുള്ള കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ അഭിപ്രായം കണക്കിലെടുക്കണമെന്നും ആയതിനുള്ള നടപടി ക്രമങ്ങളിലെ കാലതാമസം കണക്കാക്കി അടിയന്തരമായി വിദ്യാലയം അറ്റകുറ്റപണി നടത്തുന്നതിന് കടപ്പുറം ഗ്രാമപഞ്ചായത്തിന് ഉത്തരവ് നൽകണമെന്നും നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.