പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ ഡിജിറ്റല്‍ പഠനോപകരണ വിതരണോദ്ഘാടനം വളളംകുളം ഗവ.യു.പി.സ്‌കൂളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.പുല്ലാട് എ.ഇ.ഒ.യുടെ നേതൃത്വത്തില്‍ സബ്ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം വാങ്ങിയ ഫോണുകളാണു വിതരണം ചെയ്തത്. ഇതോടെ പുല്ലാട് ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പഠന സൗകര്യം ഒരുക്കുന്നതില്‍ വലിയ മുന്നേറ്റം സാധ്യമായിക്കഴിഞ്ഞു.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ അധ്യയനവര്‍ഷം മുതല്‍ ഉണര്‍വ് എന്ന പേരില്‍ സവിശേഷമായ ഇടപെടലുകളാണ് പുല്ലാട് ഉപജില്ലയില്‍ നടന്നുവരുന്നത്. ഈ വര്‍ഷവും നൂതനങ്ങളായ വിദ്യാഭ്യാസ ഇടപെടലുകളുമായി മുന്നേറുകയാണ്.

യോഗത്തില്‍ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ആര്‍.അജയകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ജിജി മാത്യു, വാര്‍ഡ് മെമ്പര്‍ വിനീഷ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, എ.ഇ.ഒ: ബി.ആര്‍ അനില, ബി.പി.സി.ജയകുമാര്‍, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ വിജയകുമാര്‍, അധ്യാപകന്‍ കെ.വി സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.