പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് എസ്പിസി പദ്ധതിയും നന്മ ഫൗണ്ടേഷനും ബേക്കേഴ്സ് അസോസിയേഷനും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരെയും പൊതുശ്മശാന തൊഴിലാളികളെയും ആദരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ചടങ്ങിലാണ് ഇവരെ ആദരിച്ചത്. ജില്ലാ പോലീസ് അഡിഷണല്‍ എസ്പി:എന്‍.രാജന്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരികാലത്ത് രോഗവ്യാപനത്തിനെതിരെ പൊരുതുന്ന വിവിധ വിഭാഗങ്ങളില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും പൊതു ശ്മശാന തൊഴിലാളികളും വലിയ സേവനങ്ങളാണു നല്‍കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗബാധിതരെ എത്രയും വേഗം ആശുപത്രികളിലും കോവിഡ് സെന്ററുകളിലും എത്തിക്കുന്നതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സ്തുത്യര്‍ഹമായ സേവനമാണു ചെയ്തുവരുന്നത്. കോവിഡ് ബാധിച്ചു മരിക്കുന്നവരെ സംസ്‌കരിക്കുന്നതില്‍ സ്വന്തം സുരക്ഷ പോലും മറന്നു പ്രവര്‍ത്തിക്കുന്ന പൊതുശ്മശാന തൊഴിലാളികളും ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

സാദര എന്ന് പേരിട്ട പരിപാടിയുടെ ആദ്യഘട്ടത്തില്‍ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളെ കഴിഞ്ഞവര്‍ഷം ആദരിച്ചിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ തൊഴിലാളികളെയാണ് അന്ന് ഉള്‍പെടുത്തിയത്. രണ്ടാംഘട്ട പരിപാടിയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയത്.

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ് പ്രൊജക്റ്റ് ജില്ലാ നോഡല്‍ ഓഫീസറും നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി യുമായ ആര്‍.പ്രദീപ് കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.കെ സുല്‍ഫിക്കര്‍, ഡിസിആര്‍ബി ഡിവൈഎസ്പി എ.സന്തോഷ് കുമാര്‍, ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.തേജ്പാല്‍, എസ്പിസി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ബേക്കേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സാദിക്ക്, ജനറല്‍ സെക്രട്ടറി വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.