ഒരാഴ്ചത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക് 24 ശതമാനത്തിന് മുകളിൽ വന്ന മധൂർ, അജാനൂർ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മധൂർ പഞ്ചായത്ത് കാസർകോട് നഗരസഭയുടെയും അജാനൂർ പഞ്ചായത്ത് കാഞ്ഞങ്ങാട് നഗരസഭയുടെയും അതിർത്തിയിലായതിനാൽ ജനസാന്ദ്രത കൂടിയ മേഖലകളിലേക്ക് രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. രണ്ടിടത്തും പ്രധാന കവലകളിലേക്കുൾപ്പെടെ അനുബന്ധ റോഡുകൾ ഏറെയുള്ളതിനാൽ കർശന നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ അറിയിച്ചു.
അജാനൂരും മധൂരിലും പ്രധാന റോഡുകളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു. ഇവിടങ്ങളിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ വനിതാ പോലീസുൾപ്പെടെ ബൈക്ക് പട്രോളിങ് നടത്തും. വാഹനങ്ങളെ പൂർണമായും നിയന്ത്രിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലവിൽ ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പഞ്ചായത്തായതിനാൽ അജാനൂരിൽ നിരീക്ഷണം ശക്തമാക്കും.
ജില്ലയിൽ കോവിഡ് പരിശോധന ഗണ്യമായി വർധിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ അറിയിച്ചു. പ്രതിദിനം ശരാശരി 4200 പരിശോധനകൾ നടത്താൻ സാധിക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ 85 കിടക്കകളിൽ ഓക്സിജൻ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇവിടുത്തെ അവശേഷിക്കുന്ന അനുബന്ധപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സി. എൻജിനീയർക്ക് നിർദേശം നൽകി. ജില്ലാ ആശുപത്രിയുടെ അനുബന്ധമായ ആർദ്രം കെട്ടിടം അടിയന്തിരമായി പ്രവർത്തന സജ്ജമാക്കും. മൂന്നാം തരംഗമുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു.
ജില്ലയിൽ രോഗസ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിൽ എ, ബി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപന പരിധികളിലെ പൊതുപഠന കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് പ്രവർത്തിക്കാമെന്ന് അറിയിച്ചു. സാമൂഹിക അകലം പാലിച്ച് പരമാവധി 20 പേരെ മാത്രമേ ഇവിടെ അനുവദിക്കൂ. വ്യക്തികളുടെ ഇരിപ്പിടങ്ങൾ തമ്മിൽ 41 ചതുരശ്ര അടി അകലം നിർബന്ധമാണ്.
തെക്കിലിലെ ടാറ്റ കോവിഡ് ആശുപത്രിയിലെ മലിന ജല പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ യോഗം നിർദേശം നൽകി. ജില്ലയിൽ ഭക്ഷ്യ കിറ്റ് വിതരണം സുഗമമായി നടക്കുന്നുണ്ട്. ശിശു സംരക്ഷണ കേന്ദ്രങ്ങളിലും കിറ്റ് വിതരണം വേഗത്തിൽ പൂർത്തിയാക്കണം. സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ എന്നിവർക്ക് കിറ്റ് വിതരണം പൂർത്തിയായി.
ജില്ലയിലെ വാക്സിൻ ലഭ്യതക്കനുസരിച്ച് കോളനികളിലെ വാക്സിനേഷൻ പൂർത്തിയാക്കണം. 18നും 44 വയസ്സിനുമിടയിലുള്ളവർക്കുള്ള വാക്സിനേഷൻ ഊർജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.
ഓൺലൈൻ യോഗത്തിൽ എ.ഡി.എം അതുൽ എസ് നാഥ്,
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ജില്ലാ സപ്ലൈ ഓഫീസർ കെ.എൻ. ബിന്ദു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ (ഇൻ ചാർജ്) സജിത് കുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ്, ശിശു സംരക്ഷണ ഓഫീസർ സി.എ. ബിന്ദു, പട്ടിക വർഗ വികസന ഓഫീസർ സാജു, പട്ടിക ജാതി വികസന ഓഫീസർ എസ് മീനാറാണി എന്നിവരും സംബന്ധിച്ചു.
