എറണാകുളം: കോവിഡ് മഹാമാരി മൂലം നമ്മുടെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാലയ അന്തരീക്ഷം വീടുകളിൽ ഒരുക്കുന്ന
“വീട് ഒരു വിദ്യാലയം” എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഇതിലൂടെ എൽ പി,യു പി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാശേഷി വികാസം, ഗണിത ശേഷി വികാസം,വിവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വിഷയങ്ങളിലുള്ള അറിവ് ആർജിക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ശാസ്ത്ര – ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിന് ലാബ് അറ്റ് ഹോം പ്രവർത്തനങ്ങൾ കുട്ടികളുടെ വീടുകളിൽ നടപ്പിലാക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച എൽ പി,യു പി വിഭാഗം അധ്യാപകർക്കുള്ള പരിശീലന ക്ലാസിൽ കുട്ടികളുടെ വീട്ടിൽ ഒരു ഗണിതലാബ്,ശാസ്ത്ര ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് എങ്ങനെ ഒരുക്കാം എന്നും അതിനാവശ്യമായ ഉപകരണങ്ങളുടെ നിർമ്മാണം, സാമഗ്രികൾ,ഉപയോഗരീതി പഠനനേട്ടം എന്നിവ വിശദമായി ചർച്ച ചെയ്യുകയും അവ അവതരിപ്പിക്കുകയും ചെയ്തു.
ഉപജില്ലയിലെ മുഴുവൻ കുട്ടികകൾക്കും ലാബ് @ ഹോം പ്രവർത്തനങ്ങൾക്കായുള്ള പഠനോപകരണ കിറ്റുകൾ ലഭ്യമാക്കി. പരിസരത്തെ പരീക്ഷണശാലയാക്കി സ്വയം രൂപപ്പെടുത്തി ഒട്ടേറെ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ ഉത്സാഹത്തോടെ ഏറ്റെടുത്ത് ചെയ്ത് വരുന്നുണ്ട്.രക്ഷിതാക്കളോടും മുതിർന്നവരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടികൾ സ്വന്തം കുടുംബചരിത്രം തയ്യാറാക്കൽ,ചുറ്റുപാടുമുള്ള സസ്യങ്ങളെ നിരീക്ഷിച്ച് ഇലകളുടെ ക്രമീകരണം,ഇലകളുടെ വലിപ്പം, ഇലപൊഴിക്കുന്ന രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കൽ, ഹെർബേറിയം തയ്യാറാക്കൽ,വീട്ടിലെ വൈദ്യുതോപകരണങ്ങൾ ഒരു ദിവസം എത്ര സമയം പ്രവർത്തിക്കുന്നു എന്നും രാവിലെ മുതൽ അടുത്ത ദിവസം രാവിലെ വരെ വൈദ്യുതി മീറ്ററിൽ വന്ന വ്യത്യാസം രേഖപ്പെടുത്തി ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം കണ്ടെത്തൽ,മഴമാപിനി തയ്യാറാക്കലും നിരീക്ഷണവും,വീട്ടിൽ കൃഷി ചെയ്ത് കൃഷിരീതികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുകയും ചെടികളുടെ വളർച്ചയെ കുറിച്ചുള്ള നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ, ഓരോ കുട്ടിയും പത്രവായന, പുസ്തകവായന, പച്ചക്കറികൃഷി, പാചകം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച സമയം പട്ടികപ്പെടുത്തലും ഏതിനാണ് കൂടുതൽ സമയം ചെലവഴിച്ചത് എന്നത് കണ്ടെത്തൽ, ന്യൂസ് പേപ്പർ പരിശോധിച്ച് ഓരോ ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം,രോഗമുക്തി നേടുന്നവരുടെ എണ്ണം,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പട്ടികപ്പെടുത്തലും ഇതുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ സംഭവങ്ങൾ തുടങ്ങിയ പത്ര കട്ടിംഗുകൾ ശേഖരിക്കൽ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ”വീട് ഒരു വിദ്യാലയം” പദ്ധതിയിലൂടെ ആസൂത്രണം ചെയ്തിരിക്കുന്നത് .
കുട്ടികളുടെ നൈപുണ്യ വികസനവും അന്വേഷണത്വരയും വളര്ത്തി വീട് ഒരു പഠന സഹായിയായി മാറത്തക്ക വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു