എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ജില്ലയിൽ ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത് ഒൻപത് നവീകരിച്ച വിദ്യാലയങ്ങൾ. ഇതിൽ കിഫ്ബി ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ വീതം ലഭ്യമാക്കി നവീകരിച്ച മൂന്ന് വിദ്യാലയങ്ങളും മൂന്ന് കോടി രൂപ ചെലവിൽ നവീകരിച്ച ഒരു വിദ്യാലയവും പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപവീതം ലഭ്യമാക്കി നവീകരിച്ച അഞ്ച് വിദ്യാലയങ്ങളും ഉൾപ്പെടുന്നു.
കിഫ്ബി ധനസഹായത്തോടെ അഞ്ച് കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയായ ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക നിലവാരത്തിൽ രണ്ട് അക്കാദമിക് ബ്ലോക്കുകളാണ് ഹയർ സെക്കൻഡറി വിഭാഗത്തിനായി തയ്യാറായിട്ടുളളത്. ലാബ്, ലൈബ്രറി, പെൺകുട്ടികൾക്കായുള്ള വിശ്രമമുറി, ഡൈനിംഗ് ഏരിയ, അടുക്കള എന്നിവ ഉൾപ്പെടുന്നതാണ് പുതുതായി നിർമിച്ച ബ്ലോക്കുകൾ.
അഞ്ച് കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാകുന്ന മറ്റ് സ്കൂളുകൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പുത്തൻതോട്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എളമക്കര എന്നിവയാണ്. കല്ലിൽ മേതല ഗവൺമെന്റ് ഹൈസ്ക്കൂളിൽ മൂന്ന് കോടിരൂപ ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒരു കോടി രൂപ പ്ലാൻ ഫണ്ട് ലഭ്യമാക്കി നവീകരിക്കുന്ന വിദ്യാലയങ്ങൾ ജി.എൽ.പി.എസ് വടവുകോട്, ജി.എൽ.പി.എസ് നോർത്ത് വാഴക്കുളം, തൃപ്പൂണിത്തുറ സംസ്കൃത ഹൈസ്ക്കൂൾ, ജി.എൽ.പി.എസ് കുമ്പളങ്ങി, ജി.യു.പി.എസ് കണ്ടന്തറ എന്നിവയാണ്.