കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 37 കേസുകള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി, കെ.എസ്.പുരം, തേവലക്കര, തഴവ, ഓച്ചിറ, പന്മന, ആലപ്പാട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 27 കേസുകള്‍ക്ക് പിഴയീടാക്കി. 71 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരായ നൂബീയ ബഷീര്‍, ബി. ഹര്‍ഷാദ്, ബിന്ദു മോള്‍, ഹരിലാൽ, അജ്മി, ബിനോജ്, സുമാ റാണി, വീണ വിജയൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുന്നത്തൂരില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. 36 കേസുകള്‍ക്ക് താക്കീത് നല്‍കി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കൊല്ലത്തെ നെടുമ്പന, കുളപ്പാടം, മീയണ്ണൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകൾക്ക് പിഴയീടാക്കി. 21 കേസുകൾക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ വിജയൻ നേതൃത്വം നല്‍കി.

പുനലൂരിലെ കരവാളൂർ, തെന്മല പ്രദേശങ്ങളില്‍ തഹസീല്‍ദാര്‍ കെ. എസ് നസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 കേസുകള്‍ക്ക് താക്കീത് നല്‍കി.

പത്തനാപുരത്ത് തഹസിൽദാർ ജാസ്മിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്‍കി.