കൊല്ലം: ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ആകണം എന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. ജില്ലയില്‍ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ‘നശാ മുക്ത് ഭാരത്’ ക്യാമ്പയിന്റെ തുടക്കം ഗൂഗിള്‍ മീറ്റ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ലഹരി വസ്തുക്കളുടെ ഉപഭോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ പൊതു ജനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രാദേശികതല പദ്ധതികള്‍ വേണം. ലക്ഷ്യം കാണുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ സജീവമാകണം- കലക്ടര്‍ പറഞ്ഞു.

മയക്കുമരുന്ന് ഉപഭോഗവുമായി ബന്ധപ്പെട്ട പരാതികള്‍ അതീവ ഗൗരവത്തോടെ കാണണമെന്നും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ലീഗല്‍ സര്‍വീസ് അതോറിറ്റി, എക്‌സൈസ്, പോലീസ്, ആരോഗ്യ വിഭാഗം, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വരുംദിവസങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും വിദഗ്ധ പരിശീലനം ഓണ്‍ലൈനായി നല്‍കും.
ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ കെ. കെ. ഉഷ അധ്യക്ഷയായി. ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സാനു തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ സബീന, അനൂപ് തോമസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ‘ലഹരിയോട് വിട’ ആശയത്തെ അടിസ്ഥാനമാക്കി കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, കൊളാഷ് വര്‍ക്കുകള്‍, വീഡിയോ ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.