തൃശൂര്‍: നഗരത്തിന്റെ ബഫര്‍ സോണായി മാറുന്ന മണ്ണുത്തിയില്‍ നിലവാരമുള്ള വൈദ്യുതി വിതരണ സംവിധാനം സജ്ജമാക്കുവെന്ന് മന്ത്രി കെ രാജന്‍. പ്രദേശത്ത് പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി വിതരണം നടത്താന്‍ ആരംഭിച്ച മണ്ണുത്തി 110 കെ.വി സബ്‌സ്റ്റേഷന്റെ ട്രയല്‍ റണ്‍ പരിശോധിക്കുകയായിരുന്നു മന്ത്രി. സബ്‌സ്‌റ്റേഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. സര്‍ക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി പദ്ധതി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് അടക്കമുള്ള നിരവധി പ്രതിസന്ധി ഘട്ടത്തിലും സബ്‌സ്റ്റേഷന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ജീവനക്കാരെ മന്ത്രി അനുമോദിച്ചു. 2019 ഡിസംബര്‍ 23ന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എം.എം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 11.6 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. എന്നാല്‍ നിര്‍മ്മാണം 10 കോടിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മണ്ണുത്തി വെറ്റിനറി കോളേജ് ലീസിന് നല്‍കിയ പ്രദേശത്താണ് പുതിയ സബ്‌സ്റ്റേഷന്റെ പണിപൂര്‍ത്തിയാക്കിയത്.

110 കെവിയുടെ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ ആദ്യഘട്ടത്തില്‍ സ്ഥാപിച്ചു. ഈ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്ന് ആറു പ്രദേശങ്ങളിലെ 11 കെവി ഫീഡറുകളിലേക്കും വൈദ്യുതി എത്തിക്കും. ഇവിടെ നിന്ന് അമ്പതിനായിരത്തിലധികം വരുന്ന ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും വിധമാണ് വൈദ്യുതി വിതരണം ചെയ്യുക. മുളയം, മുടിക്കോട്, മുല്ലക്കര, കൃഷ്ണപുരം, നെല്ലിക്കുന്ന്, വെറ്റിനറി കോളേജ് എന്നിങ്ങനെയാണ് ആറു 11 കെവി ഫീഡറുകള്‍. നിലവിലുള്ള ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടാതെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍കൂടി ഇവിടെ സ്ഥാപിക്കും.

ഇതോടെ മണ്ണുത്തി, പാണാഞ്ചേരി, പഞ്ചായത്തുകളിലെ വൈദ്യുതി ക്ഷമത്തിനും പരിഹാരമാകും. ഇപ്പോള്‍ കെ.എസ്.ഇ.ബിയുടെ മണ്ണുത്തി സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് മാടക്കത്തറയിലാണ്. മണ്ണുത്തിയിലെ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സെക്ഷന്‍ ഓഫീസും ഇവിടെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിക്കും. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സേതുമാധവന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ധ്യ ദിവാകരന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിജി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.