തൃശ്ശൂർ: പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പട്ടിക്കാട് മാർതോമാ ശ്ലീഹാ പള്ളിയുടെ ഗലീലി ഹാളിൽ നടത്തിയ ക്യാമ്പിൽ 550 ഓളം പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നുമായി ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർ, ആരോഗ്യപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, ഭിന്നശേഷിക്കാർ സാംക്രമികേതര രോഗങ്ങൾ ഉള്ളവർ എന്നിങ്ങനെ മുൻഗണനാ ക്രമത്തിലാണ് വാക്‌സിൻ നൽകിയത്. പാണഞ്ചേരി പഞ്ചായത്തിൽ രണ്ടാമത്തെ വാക്‌സിനേഷൻ ക്യാമ്പാണ് ഇന്ന് നടന്നത്. ജൂൺ 19ന് നടന്ന മെഗാ ക്യാമ്പിൽ 1108 പേർക്കാണ് വാക്‌സിൻ നൽകിയത്.
രണ്ടുമാസത്തിലേറെ നീണ്ട കണ്ടെയിൻമെന്റ് നിയന്ത്രണങ്ങളാൽ പാണഞ്ചേരി പഞ്ചായത്തിലെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയായിരുന്നു. അതിനാൽ ക്യാമ്പുകൾ നടത്തി വാക്‌സിൻ നൽകുന്നത് വേഗതയിലാക്കാനാണ് ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പറഞ്ഞു. വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജോർജുകുട്ടി, റെജി വി മാത്യു, ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ വാക്‌സിനേഷന് നേതൃത്വം നൽകുന്നു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, ഇ.ടി ജലജൻ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് വളണ്ടിയർമാർ എന്നിവർ ക്യാമ്പിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നു. സ്ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് പുറമെ ഇത്തരം ക്യാമ്പുകൾ പതിവായി സംഘടിപ്പിച്ചുകൊണ്ട് മാത്രമേ പാണഞ്ചേരിയിലെ വാക്‌സിനേഷനിൽ വന്ന കാലതാമസത്തെ മറികടക്കാൻ കഴിയൂ.