സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിനൊപ്പം ഒരോ വിദ്യാർഥിയുടെയും അക്കാദമിക മികവ് ഉയർത്തുന്നതിനാണ് ഈ അദ്ധ്യയന വർഷം സർക്കാർ മുൻഗണന നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. 6.39 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഠന മികവിനൊപ്പം കുട്ടികളുടെ സർഗാത്മക ശേഷിയും കായിക ക്ഷമതയും വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ക്യാമ്പസ് ലഹരി മുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന 141 സ്‌കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ. ഒമ്പതു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
നെയ്യാറ്റിൻകര മണ്ഡലത്തിൽ എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി വിഭാഗത്തിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും എം.എൽ.എ. കെ.ബി. ഗണേഷ് കുമാർ അനുമോദിച്ചു. കെ. ആൻസലൻ എം.എൽ.എയുടെ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ആർ. സലൂജ, എസ്. ബിന്ദു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.