സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിപ്മറില്‍ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അനാഥരാകുന്ന ഭിന്നശേഷിക്കാരുടെ സംരക്ഷണം സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്. ഇവര്‍ക്കായി അധിവാസ വില്ലേജുകള്‍ തുടങ്ങുകയെന്നത് സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങളിലൊന്നാണ്. സഹായ ഉപകരണ വിതരണം പ്രാഥമിക ഉത്തരവാദിത്തം മാത്രമാണെന്നും വലിയ ലക്ഷ്യങ്ങള്‍ ഇവര്‍ക്കായി കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെഎസ്എച്ച് പി ഡബ്ല്യു സി മാനേജിങ് ഡയറക്ടര്‍ കെ.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസണ്‍, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ജോജോ, പഞ്ചായത്ത് അംഗം മേരി ഐസക് ടീച്ചര്‍, കെഎസ് എസ് എം എക്സി.ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള നിപ്മര്‍ ജീവനക്കാരുടെ വിഹിതത്തിന്‍റെ ചെക്ക് ചടങ്ങില്‍ ഡോ. മുഹമ്മദ് അഷീല്‍ മന്ത്രിക്ക് കൈമാറി. എം. എ. ആഷിഖ്, സബിത സന്തോഷ്, ജെസില്‍ ജലീല്‍, എന്‍.കെ. രാജപ്പന്‍, നിവേദ്കുമാര്‍ എന്നിവര്‍ സഹായ ഉപകരണങ്ങള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. എസ്. അസ്ഗര്‍ ഷാ നന്ദി പറഞ്ഞു.