20 കേന്ദ്രങ്ങളില്‍ കൂടി നെറ്റ്‌വര്‍ക്ക് പ്രശ്‌നത്തിന് പരിഹാരമാകുന്നു
കണ്ണൂർ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികള്‍ ഉള്‍പ്പെടെ 20 ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൂടി നെറ്റ്‌വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഡിസ്ട്രിക്ട് ഇ ഗവേര്‍ണന്‍സ് ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് ബിഎസ്എന്‍എല്ലിനെ ചുമതലപ്പെടുത്തി.
ചെറുപുഴ പഞ്ചായത്തിലെ തിരുമേനി, പാമ്പന്‍ കല്ല്, കന്നിക്കളം, പെരിങ്ങോം പഞ്ചായത്തിലെ കൂടം, മുഴക്കുന്ന് പഞ്ചായത്തിലെ ഉളിയില്‍പ്പടി, കൊരഞ്ഞി, പാലത്താഴെ, പാലമേലെ, പേരാവൂര്‍ പഞ്ചായത്തിലെ പറങ്ങോട്ട്, എടപ്പ, കുണ്ടേന്‍കാവ്, കാക്കേനി, ചുണ്ടക്കാട്, വട്ടക്കര, പാട്യം പഞ്ചായത്തിലെ വെങ്ങളം, കടവില്‍, അത്ത്യാറ വെളുമ്പത്ത്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കനിയാട്, പാത്തിക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് നെറ്റ് വര്‍ക്ക് സൗകര്യമൊരുക്കുക.
ഇതിനു പുറമെ, വിവിധ നെറ്റ് വര്‍ക്ക് സേവന ദാതാക്കളുടെ സഹകരണത്തോടെ ടവറുകള്‍ സ്ഥാപിച്ചും കേബിളുകള്‍ വഴിയും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ അദാലത്ത് നടത്തിയിരുന്നു. ഇതില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.