കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ വ്യാപകമാക്കി. ഇതിനായി മൊബൈല്‍ പരിശോധന യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തും.
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ ടി.പി.ആര്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആഴ്ചയില്‍ രണ്ട് ദിവസം മൊബൈല്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു.
ഇന്നലെ (ജൂണ്‍ 29) 36 പേരില്‍ പരിശോധന നടത്തി. രണ്ടു പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പതു ശതമാനമാണ്. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ആര്‍.റ്റികളുടെ സഹായത്തോടെ ആയുര്‍വേദ, ഹോമിയോ പ്രതിരോധ മരുന്നുകള്‍ മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നൂറു പി.പി.ഇ. കിറ്റുകളും 60 പള്‍സ് ഓക്‌സിമീറ്ററുകളും വിതരണം ചെയ്തു.
പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടയ്ക്കാമണ്‍ പട്ടികവര്‍ഗ്ഗ കോളനിയില്‍ നിലവില്‍ 46 പോസിറ്റീവ് കേസുകള്‍ ആണുള്ളത്. ഇവരില്‍ വീടുകളില്‍ കഴിയാന്‍ സാഹചര്യം ഇല്ലാത്തവരെ അടിയന്തരമായി കുരിയോട്ടുമലയിലുള്ള ഡി.സി.സി.യിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി സെക്രട്ടറി കെ.ആര്‍. രജനി പറഞ്ഞു. ഡി.സി.സിയില്‍ നിലവില്‍ 15 രോഗികള്‍ ആണുള്ളത്.
കോളനികളില്‍ കഴിയുന്നവരുടെ സമ്പര്‍ക്ക സാധ്യത കുറയ്ക്കുന്നതിനായി വാര്‍ഡ് അംഗങ്ങളുടെയും സന്നദ്ധസേന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീടുകളിലേക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. വാര്‍ഡ് തലങ്ങളില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വ്യാപകമാക്കി. കോളനികള്‍ കേന്ദ്രീകരിച്ച് ആര്‍.ആര്‍.റ്റികളുടെയും ജാഗ്രത സമിതികളുടെയും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കി.