മുളിയാർ (20.70), മധൂർ (19.95), മഞ്ചേശ്വരം (19.05), മൊഗ്രാൽ പുത്തൂർ (19), പുല്ലൂർ-പെരിയ (18.84), ചെങ്കള (18.78), ബേഡഡുക്ക (18.68), ഉദുമ (18.86)

കാസർഗോഡ്: ജൂലൈ ഒന്ന് മുതലുള്ള കോവിഡ് ലോക്ക്ഡൗൺ ഇളവുകൾക്ക് തദ്ദേശസ്ഥാപനങ്ങളെ ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു. എട്ട് തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 10 എണ്ണം കാറ്റഗറി സിയിലും 14 എണ്ണം കാറ്റഗറി ബിയിലും 9 എണ്ണം കാറ്റഗറി എയിലും ഉൾപ്പെടുന്നു. ജൂൺ 23 മുതൽ 29 വരെയുള്ള കണക്കുകളിൽ രോഗസ്ഥിരീകരണ നിരക്ക് ഒരാഴ്ചത്തെ ശരാശരി 18 ശതമാനത്തിന് മുകളിൽ ഉള്ളതിനാൽ മുളിയാർ (ടിപിആർ 20.70), മധൂർ (19.95), മഞ്ചേശ്വരം (19.05), മൊഗ്രാൽ പുത്തൂർ (19), പുല്ലൂർ-പെരിയ (18.84), ചെങ്കള (18.78), ബേഡഡുക്ക (18.68), ഉദുമ (18.86) ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി ഡിയിൽ ഉൾപ്പെടുത്തി.

ഒരാഴ്ചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12നും 18നും ഇടയിലുള്ള കാറ്റഗറി സിയിൽ ബദിയടുക്ക (16.50), കോടോം-ബേളൂർ (15.78), പള്ളിക്കര (15.71), പൈവളിഗെ (14.86), വെസ്റ്റ് എളേരി (14.51), ചെമ്മനാട് (14.21) പഞ്ചായത്തുകൾ, കാഞ്ഞങ്ങാട് നഗരസഭ (14.18), അജാനൂർ (13.63), കാറഡുക്ക (13.28) പഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.33) എന്നിവ ഉൾപ്പെടുന്നു.
ഒരാഴചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിനും 12നും ഇടയിലുള്ള കാറ്റഗറി ബിയിൽ ബളാൽ പഞ്ചായത്ത് (11.23), കാസർകോട് നഗരസഭ (11.02), എൻമകജെ (11.02), കള്ളാർ (10.71), ദേലംപാടി (10.44), കിനാനൂർ-കരിന്തളം (9.86), ചെറുവത്തൂർ (8.59), കുറ്റിക്കോൽ (8.35), കുംബഡാജെ (8.31), കുമ്പള (8.27), മടിക്കൈ (8.27), മംഗൽപാടി (7.82), ഈസ്റ്റ് എളേരി (6.67), പനത്തടി (6.62) പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നു.
ഒരാഴചത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിൽ കുറവുള്ള കാറ്റഗറി എയിൽ പുത്തിഗെ (5.97), പിലിക്കോട് (5.97), കയ്യൂർ-ചീമേനി (5.88), തൃക്കരിപ്പൂർ (4.26), മീഞ്ച (3.21), വലിയപറമ്പ (3.17), പടന്ന (2.92), ബെള്ളൂർ (1.84), വോർക്കാടി (1.22) എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

ഓരോ കാറ്റഗറിയിലും അനുവദനീയമായവ:
കാറ്റഗറി ഡിയിൽ പെടുന്ന തദ്ദേശ സ്ഥാപന പരിധിയിൽ, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവൻ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ക്ഡൗണാണ് നടപ്പാക്കുക.

കാറ്റഗറി സിയിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ അനുവദിക്കും. മറ്റു കടകൾ (വിവാഹാവശ്യത്തിന് ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി, ഫൂട്ട്‌വിയർ, വിദ്യാർഥികൾക്ക് ബുക്ക്‌സ് ഷോപ്പ്, റിപ്പയർ സർവീസുകൾ) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ/ ഹോം ഡെലിവറി മാത്രം. പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

കാറ്റഗറി ബിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപേറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി. അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം. എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഓട്ടോകൾക്ക് സർവീസ് നടത്താം.
അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട്ട്‌ഡോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങൾ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളിൽ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം.

കാറ്റഗറി എയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർക്ക് വർക്ക് ഫ്രം ഹോം ഡ്യൂട്ടി.
എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുൾപ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ഓട്ടോ, ടാക്‌സി പ്രവർത്തിക്കാം. ഡൈവർക്ക് പുറമെ ടാക്സികളിൽ മൂന്ന് യാത്രക്കാരെയും ഓട്ടോകളിൽ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല.
ബീവറേജസ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം. പരസ്പര സമ്പർക്കമില്ലാത്ത ഔട്ട്‌ഡോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്സൽ/ ഹോം ഡെലിവറി മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ.
വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.
ആരാധനാലയങ്ങളിൽ പരമാവധി 15 പേരെ അനുവദിക്കും.കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം.