പത്തനംതിട്ട: കോവിഡിന്റെ രണ്ടാംതരംഗത്തില്‍ രോഗം പിടിപെട്ട് മരിച്ച പട്ടികജാതിയില്‍പെട്ടവരുടെ ആശ്രിതര്‍ക്കായി കേരള സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി അര്‍ഹരായ പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാന ദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബാംഗങ്ങളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രൂപം നല്‍കിയ വായ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ വായ്പയും നിശ്ചിത നിരക്കില്‍ നല്‍കുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്.
കോവിഡ് പിടിപെട്ട് മരിച്ച പട്ടികജാതിയില്‍പ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത ആശ്രിതന് പദ്ധതിയില്‍ വായ്പക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതല്‍മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നല്‍കുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് അത് സബ്സിഡി ആയി കാണിക്കാം. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനം ആയിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18 നും 60 നുമിടയിലായിരിക്കണം. അപേക്ഷകന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടുള്ളതല്ല. പ്രധാന വരുമാനദായകന്‍ മരിച്ചത് കോവിഡ് മൂലമാണെന്നു തെളിയിക്കുന്നതിനാവശ്യമായ ആധികാരിക രേഖ അപേക്ഷകന്‍ ഹാജരാക്കണം.
കോര്‍പ്പറേഷന്റെ നിലവിലെ മറ്റു വായ്പാനിബന്ധനകള്‍ പാലിക്കുന്നതിനും അപേക്ഷകര്‍ ബാധ്യസ്ഥനായിരിക്കും. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-9400068503.
