കൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോളനി സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. തുടര്‍ന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, എം.മുകേഷ് എം.എല്‍.എ, മേയര്‍, തുടങ്ങിയവരുമായി മന്ത്രി ചര്‍ച്ച നടത്തി.ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 114 ഫ്‌ളാറ്റുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 15 നും കൊല്ലം കോര്‍പ്പറേഷന്റെ പി.എം.എ.വൈ പദ്ധതി പ്രകാരം 650 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 65 ഫ്‌ളാറ്റുകള്‍ ഡിസംബര്‍ 15 ഓടെയും പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനം ഉള്‍പ്പടെ മികച്ച നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് തീരദേഷ വികസന കോര്‍പ്പറേഷന്‍, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്തു വിഭാഗങ്ങങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണവും ഇതോടൊപ്പം നടക്കും. 43.72 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് കിടപ്പ് മുറി, അടുക്കള, ഹാള്‍, ശുചിമുറി എന്നിവയാണുള്ളത്.
തിരുവനന്തപുരം ജില്ലയിലെ മുതലപൊഴി ഹാര്‍ബറില്‍ വള്ളം അടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നീണ്ടകര ഹാര്‍ബറിലോ കൊല്ലം ഹാര്‍ബറിലോ മത്സ്യം ഇറക്കുന്നതിനുള്ള താത്കാലിക അനുമതി നല്‍കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് മത്സ്യത്തൊഴിലാളി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. തുടര്‍ന്ന് തങ്കശേരിയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രദേശവാസികളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ ശക്തികുളങ്ങരയിലെ മത്സ്യോദ്പ്പന്ന സംസ്‌കരണ ശാല സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷേഖ് പരീദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മത്സ്യ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.