പാലക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന കാറ്റഗറി (ഡി) യിൽ നിന്നും ഒരാഴ്ചയ്ക്കകം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവുള്ള വിഭാഗമായ കാറ്റഗറി (എ) യിലെത്തിയത് രണ്ട് പഞ്ചായത്തുകൾ. ജൂൺ 16 മുതൽ 22 വരെ യുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ശരാശരി വടവന്നൂർ പഞ്ചായത്തിൽ 27.38, മുതുതല പഞ്ചായത്തിൽ 29.42 എന്നിങ്ങനെയാണ്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഇവ യഥാക്രമം 5.8, 5.5 ആയി കുറഞ്ഞു.
പരിശോധന കൂട്ടി, ടി.പി.ആര്. കുറച്ച് വടവന്നൂര് ഗ്രാമപഞ്ചായത്ത്
കോവിഡ് പരിശോധന വര്ധിപ്പിച്ചതിലൂടെ ടി.പി.ആര്. (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്) 27 നിന്നും ഒരാഴ്ചയ്ക്കകം 5.8 ആയി കുറച്ചിരിക്കുകയാണ് വടവന്നൂര് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും ആരോഗ്യ പ്രവര്ത്തകരും പോലീസും സംയുക്തമായി നടത്തിയ പ്രവര്ത്തനങ്ങളുടെ ഫലമായാണ് ടി.പി.ആര്. കുറയ്ക്കാന് സാധിച്ചതെന്ന് വടവന്നൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീര് ഹുസൈന് പറഞ്ഞു.
മാവിലെകുളമ്പ് കോളനി, മേലെ മീനിക്കോട് കോളനി എന്നിവിടങ്ങളിലായിരുന്നു കൂടുതല് കോവിഡ് ബാധിതര് ഉണ്ടായിരുന്നത് . ഇവിടങ്ങളില് ആരോഗ്യപ്രവര്ത്തകരും, പഞ്ചായത്തും, ആര്.ആര്.ടി. അംഗങ്ങളും ശക്തമായ പ്രവര്ത്തനങ്ങള് നടത്തുകയും എട്ട് ദിവസത്തിനുള്ളില് ഏഴ് പരിശോധന ക്യാമ്പുകള് നടത്തി കൂടുതല് പേരെ ടെസ്റ്റിന് വിധേയമാക്കി. കൂടാതെ വാര്ഡുകള് കേന്ദ്രീകരിച്ച് ഒരു ദിവസം 150 മുതല് 250 വരെ ആളുകളെ കണ്ടെത്തി പരിശോധന നടത്തിയതിലൂടെയാണ് ടി.പി.ആര് കുറയ്ക്കാന് സാധിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.
കൂടാതെ, തൊഴിലുറപ്പ് തൊഴിലാളികള്, ചുമട്ടുതൊഴിലാളികള്, വ്യാപാരികള്, ബാങ്ക് ജീവനക്കാര് , ഓട്ടോറിക്ഷ തൊഴിലാളികള് തുടങ്ങിയവരില് ആര്.ടി.പി.സി.ആര്. പരിശോധന വര്ധിപ്പിച്ചു. ഫീല്ഡ് വര്ക്കര്മാര് പൂര്ണ പിന്തുണ നല്കി. പഞ്ചായത്തിലെ 13 വാര്ഡുകളിലെ ആളുകളിലും രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കിയതായും ഹെല്ത്ത് ഇന്സ്‌പെക്ടര് കെ.ശശികുമാര് അറിയിച്ചു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കി ടി.പി.ആർ കുറച്ച് മുതുതല പഞ്ചായത്ത്‌
പരിശോധന വർദ്ധിപ്പിച്ചും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കിയുമാണ് മുതുതല ഗ്രാമപഞ്ചായത്ത് ടി പി ആർ 29.42 ശതമാനത്തിൽനിന്നും 5.5 ശതമാനമായി കുറച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ആനന്ദവല്ലി പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനകം ഏഴ് പരിശോധന ക്യാമ്പുകൾ നടത്തി. പഞ്ചായത്തിൽ സ്ഥിരമായി നടന്നുവരുന്ന പരിശോധന ക്യാമ്പിന് പുറമേ ആറ് ആൻറിജൻ, ഒരു ആർ ടി പി സി ആർ പരിശോധന ക്യാമ്പും നടത്തി. ആൻറിജൻ പരിശോധന ക്യാമ്പുകളിൽ ആകെ 724 പേരിൽ പരിശോധന നടത്തിയതിൽ 48 പേരും 324 പേർക്ക് ആർ ടി പി സി ആർ പരിശോധന നടത്തിയതിൽ 14 പേരുമാണ് പോസിറ്റീവ് ആയത്. തൊഴിലാളികൾ, വ്യാപാരികൾ, ഡ്രൈവർമാർ, അതിഥി തൊഴിലാളികൾ, രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവരിലാണ് ആർ ടി പി സി ആർ പരിശോധന നടത്തിയത്. കൂടാതെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവരിലും കൃത്യമായി പരിശോധന നടത്താൻ കഴിഞ്ഞതായും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്ന രണ്ടാം വാർഡ് ആണ്ടാത്ത് കോളനിയിലെ ആളുകളെ ഉൾപ്പെടുത്തി പ്രദേശത്തെ അംഗനവാടിയിൽ പ്രത്യേക പരിശോധനാ ക്യാമ്പ് നടത്തി. ഇത് കൂടാതെ കൂടുതൽ രോഗബാധിതർ ഉണ്ടായിരുന്ന എട്ടാം വാർഡുകളിലെ ആളുകൾക്ക് ഉൾപ്പെടെ പെരുമുടിയൂർ ജി എൽ പി സ്കൂളിലും ക്യാമ്പ് നടത്തി. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും വാർഡ് തലത്തിൽ ബോധവൽക്കരണം നടത്തി. വരുംദിവസങ്ങളിൽ ആഴ്ചയിൽ മൂന്നോ നാലോ ക്യാമ്പുകൾ നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ കഴിഞ്ഞതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത്, വാർഡ് തലത്തിലും സന്നദ്ധപ്രവർത്തകരെ വിന്യസിച്ച് അവശ്യവസ്തുക്കൾ, മരുന്ന് ഉൾപ്പെടെയുള്ളവ വീടുകളിൽ എത്തിച്ചു നൽകി. സന്നദ്ധ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു.
നിലവിൽ 147 പേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത്. മുതുതല എ യു പി സ്കൂളിൽ ഡൊമിലറി കെയർ സെൻററും പ്രവർത്തിച്ചിരുന്നു. നിലവിൽ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണം വളരെ കുറവായതിനാൽ പട്ടാമ്പി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആണ് പ്രവേശിപ്പിക്കുന്നത്.