മാലിന്യ സംസ്ക്കരണത്തിൽ മാതൃകയായി കുന്നംകുളം മുനിസിപാലിറ്റി. കഴിഞ്ഞ രണ്ടു വർഷത്തെ പരിശ്രമ ഫലമായി കുന്നംകുളത്തെ കുറുക്കൻപ്പാറയിൽ മാലിന്യസംസ്ക്കരണത്തിന് ഗ്രീൻ പാർക്ക് സജ്ജമാക്കിയാണ് നഗരസഭ മാതൃകയാകുന്നത്. കേവലം മാലിന്യം തള്ളുന്ന പ്രദേശമായി കുറുക്കൻപ്പാറ മാറരുതെന്ന അധികൃതരുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് 2017ൽ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണ പ്രവർത്തികൾ തുടങ്ങിയത്.
ജൈവമാലിന്യങ്ങളെയും അജൈവ മാലിന്യങ്ങളെയും രണ്ടായി വേർത്തിരിക്കുകയായിരുന്ന ആദ്യഘട്ടത്തിൽ ചെയ്തത്. ഉറവിട സംസ്കരണത്തിന് സംവിധാനമില്ലാത്ത നഗരപരിധിയിലെ കച്ചവട സ്ഥാപനങ്ങളിൽനിന്നും തുക ഈടാക്കി കുടുംബശ്രീ പ്രവർത്തകരുടെ രണ്ട് യൂണിറ്റുകൾ മാലിന്യം ശേഖരിക്കും. ജൈവ മാലിന്യങ്ങൾക്കും അജൈവ മാലിന്യങ്ങൾക്കും വ്യത്യസ്ത തുകയാണ് ഈടാക്കുന്നത്. അജൈവ മാലിന്യങ്ങൾ ആഴ്ച്ചയിൽ ഒരിക്കൽ മാത്രമേ ശേഖരിക്കൂ എന്നും മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ചേ എടുക്കൂ എന്നും നിബന്ധനയുണ്ട്. ഐആർടിസി പ്രവർത്തകരാണ് മാലിന്യ സംസ്ക്കരണത്തിന് നേതൃത്വം നൽകുന്നത്. മാലിന്യ സംസ്കരണത്തിനായി പ്ലാന്‍റ് നിര്‍മ്മിക്കുക എന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 45 ലക്ഷം രൂപ പ്ലാനിങ് ഫണ്ട് അനുവദിച്ച് ഫെബ്രുവരി മാസത്തില്‍ പ്ലാന്‍റിന്‍റെ പണി പൂർത്തീകരിച്ചു. 8 ലക്ഷം രൂപയുടെ യന്ത്രോപകരണങ്ങളും സ്ഥാപിച്ചു. തുടക്കത്തിൽ ജൈവമാലിന്യങ്ങളാണ് സംസ്കരിക്കുന്നത്. ഒരു ടൺ മാലിന്യ സംസ്കരണത്തിനായി 650 രൂപ മുനിസിപാലിറ്റി ഐആർടിസിയ്ക്ക് നൽകുന്നു.

സംസ്ക്കരിക്കപ്പെട്ട മാലിന്യം ഉപയോഗപ്രദമാക്കുന്നതിനായി ജൈവവള നിർമാണം തുടങ്ങി. വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനത്തിലൂടെ സംസ്കരിച്ച മാലിന്യം പൊടിച്ച് ചകിരിപ്പിത്തിൽ ബാക്ടീരിയ ഇനോകുലം ചേർത്ത് വീണ്ടും സംസ്കരിച്ചെടുത്താണ് വളം നിർമ്മിക്കുന്നത്. കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള നിർദ്ദേശപ്രകാരം അധിക സൂഷ്മാണുക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ സമതഗ്രീന്‍’ എന്ന് പേരിട്ട വളത്തിന് ഇപ്പോൾ ആവശ്യക്കാരേറെ. നഗരപരിധിയിലേയും സമീപപ്രദേശങ്ങളിലെയുംഒട്ടുമിക്ക കർഷകർക്കും ഇപ്പോൾ സമതഗ്രീൻ കൂടിയേതീരു. കിലോഗ്രാമിന് 15 രൂപയാണ് വളത്തിന് വില. ഗ്രീൻപാർക്ക് സന്ദർശനത്തിനെത്തിയ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സംസ്കരണ പ്ലാന്‍റിലേക്ക് ചകിരിപ്പിത്തിന്‍റെ ലഭ്യത ഉറപ്പാക്കുന്നതിന് ചകിരി സംസ്കരണ യൂണിറ്റ് തുടങ്ങാൻ നിർദ്ദേശം നൽകുകയും ഇതിനുള്ള ഫണ്ട് സർക്കാരിൽനിന്നും നൽകുമെന്നും ഉറപ്പു നൽകുകയും ചെയ്തു. ചകിരി സംസ്കരണ യൂണിറ്റ് കൂടി ആരംഭിക്കുന്നതോടെ ഐആർടിസിയ്ക്ക് സംസ്കരണത്തിനായി നൽകുന്ന തുകയിൽ കുറവ് വരും. മറ്റു ഫൈബർ ഉല്പന്നങ്ങൾ നിർമ്മിക്കുവാൻ സംസ്കരിച്ച ചകിരി നൽകാമെന്നതും ഗുണം ചെയ്യും.

പ്ലാന്റിന്റെ പ്രശസ്തി കടലിനക്കരയും എത്തി. ന്യൂയോർക്ക് കോർണൽ വേസറ്റ് മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജീൻ ബോൺഹോറ്റൽ, എക്സ്റ്റൻഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ് മേരി ഷ്വാർഡ് എന്നിവരടങ്ങിയ അമേരിക്കൻ സംഘം അടുത്തിടെ പ്ലാന്റ് സന്ദർശിച്ചു.
സംസ്കരണ പ്ലാന്‍റിന് ഗ്രീൻ ബെൽറ്റ് നിർമ്മിക്കുന്നതിന്റെ ഭാഗമായി വാഴ നട്ടുപിടിപ്പിച്ചു. വെള്ളത്തിന്‍റെ അംശം വലിയതോതിൽ വലിച്ചെടുക്കാൻ കഴിയുമെന്നതിനാലാണ് വാഴ നടാൻ തീരുമാനിച്ചത്. മുനിസിപ്പാലിറ്റി ചെയർപേഴ്സന്‍റെയും മുപ്പത്തിയേഴ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ മൂന്നൂറോളം വാഴകളാണ് ഗ്രൗണ്ടിൽ നട്ടത്.. ഇതുവഴി പൂർണമായും ഒരു ഹരിത പാർക്കായി ഗ്രൗണ്ടിനെ മാറ്റാന്‍ സാധിച്ചു. വാഴകളുടെ നടീൽ മാത്രമല്ല കേരളത്തിലെ വ്യത്യസ്ത ഇനം വാഴകൾ നട്ടുപിടിപ്പിച്ച് വാഴ ഗവേഷണ കേന്ദ്രത്തിന് തുടക്കമിടാനുമാണ് അധികൃതരുടെ തീരുമാനം.
അജൈവമാലിന്യത്തിലെ പ്രധാന വില്ലനായ പ്ലാസ്റ്റിക് ഉൾപ്പടെയുള്ളവയുടെ സംസ്കരണത്തിനുള്ള യൂണിറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും. ഇതിനായി 8 ലക്ഷം രൂപയുടെ മെഷിനറി സ്ഥാപിക്കും. നഗരത്തിലെ കച്ചവടക്കാരിൽനിന്നും കുന്നംകുളം നഗരസഭ പരിധിയിലെ വാര്‍ഡുകളിൽനിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിതകർമ്മസേന യുണിറ്റിനെയും നഗരസഭ സജ്ജമാക്കി കഴിഞ്ഞു. ഒരു വാർഡിലേക്ക് രണ്ട് ഹരിതകർമ്മസേന പ്രവർത്തകരാണ് ശേഖരണത്തിനായി എത്തുക. മാലിന്യം ശേഖരിക്കുക മാത്രമല്ല ഉറവിട മാലിന്യ സംസ്കരണത്തിനുള്ള നിര്‍ദ്ദേശങ്ങളും ഇതിനായി വീടുകളിൽ സ്ഥാപിക്കാവുന്ന ബയോബിറ്റുകളെക്കുറിച്ചും ഇവർ നിർദ്ദേശങ്ങൾ നൽകും. നിലവിൽ മാലിന്യ സംസ്കരണത്തിനായി 500 രൂപ ഈടാക്കി നഗരസഭയിൽ ബയോബിന്നുകൾ വിൽക്കുന്നുണ്ട്. 37 വാർഡുകളിലേക്കായി 74 പേരടങ്ങുന്ന ഹരിതക ർമ്മസേന പ്രവർത്തകർ കുടുംബശ്രീ അംഗങ്ങളാണ്. പ്ലാസ്റ്റിക് സാധനങ്ങൾ, ചില്ല്, ബാഗുകൾ, കുടകൾ എന്നിങ്ങനെ തരംതിരിച്ച് കൃത്യമായ ഇടവേളകളിലാണ് മാലിന്യങ്ങൾ ശേഖരിക്കുക. ജൈവമാലിന്യവും അജൈവ മാലിന്യവും മാത്രമല്ല ദ്രവമാലിന്യ സംസ്കരണത്തിനും പദ്ധതിയൊരുങ്ങുന്നുണ്ട്. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള ഡിപിആർ തയ്യാറാക്കുകയാണ്. ഗ്രീൻപാർക്ക് സന്ദർശനത്തിന് എത്തിയ കേന്ദ്ര ധനകാര്യസംഘം പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിന് ജില്ലയിലെ ബീക്കൺ മുനിസിപാലിറ്റിയായി കുന്നംകുളം നഗരസഭയെ തിരഞ്ഞെടുത്തിട്ടുണ്ട്. കുന്നംകുളം നേരിടുന്ന മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നത് മുനിസിപ്പാലിറ്റി ചെയർപേഴ്സന്‍റെയും കൗൺസിലർമ്മാരുടെയും ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെൽത്ത് സൂപ്പർവൈസർ കെ.എസ് ലക്ഷമണൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ സ്റ്റാൻലി എന്നിവരുടെയും പരിശ്രമത്തിന്റെ ഫലമായാണ്.