പത്തനംതിട്ട ജില്ലയിൽ നെല്‍കൃഷിക്ക് അനുകൂല സാഹചര്യമുള്ള പ്രദേശങ്ങളില്‍ നെല്‍കൃഷി വികസനത്തിനായി കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. വര്‍ഷങ്ങളായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആദ്യ വര്‍ഷം കൃഷിയിറക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 30000 രൂപയും രണ്ടാം വര്‍ഷം ഹെക്ടറിന് 7000 രൂപയും ധനസഹായം ലഭിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ നെല്‍കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കാവുന്നതാണ്. മൊത്തം നെല്‍കൃഷി വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപ്പൂ കൃഷിയെ ഇരുപ്പൂകൃഷിയാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 10000 രൂപ നിരക്കില്‍ ധനസഹായം ലഭിക്കും. കരനെല്‍കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 13600 രൂപയും സഹായം ലഭിക്കും. 2018-19 വര്‍ഷം സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉത്പാദന ഉപാധികള്‍ക്കുള്ള സഹായമായി ഹെക്ടര്‍ ഒന്നിന് 5500 രൂപ നല്‍കും. ഗുണമേന്മയുള്ള വിത്തുകള്‍, ജൈവഉത്പാദനോപാധികള്‍, സര്‍ട്ടിഫിക്കേഷന്‍, ജൈവകീടനിയന്ത്രണകാരികള്‍, എന്നിവയ്ക്കായാണ് തുക ചെലവഴിക്കേണ്ടത്.
മണ്ണിലെ പോഷകമൂലകങ്ങളുടെ കുറവ് പരിഹരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ജീവാണു വളങ്ങള്‍ക്കും വെസിക്കുലര്‍ ആര്‍ബസ്‌കുലര്‍ മൈക്കോറൈസയുടെ ഓണ്‍ഫോം പ്രൊഡക്ഷനും കൃഷി വകുപ്പ് ധനസഹായം നല്‍കും. സൂക്ഷ്മ മൂലകങ്ങളും    സെക്കന്‍ഡറി മൂലകങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും.
പച്ചക്കറി തോട്ടങ്ങളിലും നെല്‍പാടങ്ങളിലും മൂന്നാംവിളയായി പയര്‍ വര്‍ഗങ്ങള്‍ കൃഷി ചെയ്ത് അവയുടെ വിസ്തൃതിയും ഉത്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 10000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. നെല്ലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് റൈസ് ഇന്നവേഷന്‍ പദ്ധതിയില്‍പ്പെടുത്തിയും കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.