വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനാണ് എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെയുള്ളവരുടെ യോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്.

വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വയനാടിന്റെ ടൂറിസം വികസനത്തിന് അടുത്ത ഓണത്തിനു മുമ്പായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതിനായി ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ യോജിച്ച പ്രവര്‍ത്തനം ഉറപ്പ് വരുത്തും. വയനാടിനായി പ്രത്യേക ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തും.

ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വയനാട് ടൂറിസം മാപ്പിനു കീഴില്‍ കണക്റ്റിവിറ്റി ഉറപ്പാക്കും. തൊട്ടടുത്ത വിമാനത്താവളങ്ങളില്‍ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വയനാടിന്റെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചിക്കും. പൊതുമാരാമത്ത് റോഡുകള്‍ മാത്രമല്ല തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട റോഡുകള്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെച്ചപ്പെട്ട രീതിയില്‍ കോര്‍ത്തിണക്കും. ജില്ലയുമായി ബന്ധപ്പെടുത്തുന്ന എല്ലാ ചുരം റോഡുകളും നല്ലനിലയില്‍ ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകാന്‍ വയനാട് ഫെസ്റ്റ് നടത്തുന്ന കാര്യവും പരിഗണിക്കും.

ലോക ടൂറിസം ഭൂപടത്തില്‍ തന്നെ വയനാടിന് വലിയ സ്ഥാനമുണ്ട്. ഈ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത വിധമുള്ള വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ടൂറിസം രംഗത്ത് പുതിയ മാര്‍ക്കറ്റിംഗ് സാധ്യതകളും ഉയര്‍ന്നു വരണം. നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ വിപുലീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. ജില്ലയില്‍ ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തുകയും അവയെ ലോകശ്രദ്ധ നേടുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യും. ചൈനീസ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് സാധ്യമാകുമെന്നതിനാല്‍ അതിനായി പ്രത്യേക പഠനം നടത്തി വരുന്നുണ്ട്. ഇവിടുത്തെ ബുദ്ധ- ജൈന പാരമ്പര്യങ്ങളെല്ലാം ഈ സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു ടൂറിസ്റ്റ് കേന്ദ്രമെങ്കിലും ഉണ്ടായിരിക്കണമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വന്നിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകളുടെ പദ്ധതി വിശദാംശങ്ങള്‍ കൂടി ലഭിക്കാന്‍ ബാക്കിയുള്ളൂ. ഗ്രാമീണ ടൂറിസം പദ്ധതികള്‍ മികവുറ്റതാക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇതിലൂടെ ഗ്രാമീണ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിക്കും. ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലയാണ് വയനാട്. ഈ മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിനു ശേഷം ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്താനുള്ള തീരുമാനം. ഇത് സംസ്ഥാനതലത്തില്‍ തിരഞ്ഞെടുത്ത ആദ്യ രണ്ടു പഞ്ചായത്തുകളും വയനാട്ടിലാണെന്നത് ജില്ലയുടെ ടൂറിസം വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രധാന്യമാണ് കാണിക്കുന്നത്. വൈത്തിരി, മേപ്പാടി പഞ്ചായത്തുകളും വൈകാതെ പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നു മന്ത്രി പറഞ്ഞു.

*പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാന്‍ മന്ത്രിയുെട നിര്‍ദ്ദേശം*

പൊതുമരാമത്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നു യോഗത്തില്‍ വെച്ച് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. അനാവശ്യമായി കാലാവധി നീട്ടിക്കൊടുക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

ഓരോ നിയോജക മണ്ഡലത്തിലെയും പൊതുമരാമത്ത്- ടൂറിസം പദ്ധതികളുടെ സ്ഥിതിവിവരം എം.എല്‍.എമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഇതിന്റെ വ്യക്തമായ റിപ്പോര്‍ട്ട് സഹിതം വൈകാതെ മന്ത്രിയുെട സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. എല്ലാ മാസവും ഡിവിഷന്‍ തലത്തില്‍ അവലോയകന യോഗം ചേര്‍ന്ന് മിനിറ്റ്‌സ് അഞ്ച് ദിവസത്തിനകം തനിക്ക് സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിലൊരിക്കല്‍ മന്ത്രിയുടെ നേതൃത്വത്തിലും അവലോകന യോഗം നടത്തും.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, എം.വി ശ്രേയാംസ് കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി പി.വി ബാലചന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, പൊതുമരാമത്ത്- ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.