കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോമിയോപ്പതി, ആയുര്‍വേദ വകുപ്പുകളുടെ സഹകരണത്തോടെ രണ്ട് കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡിനു ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് എല്ലാദിവസവും ഇവിടെ ചികിത്സ ലഭ്യമാകും. പഞ്ചായത്ത് ടൗണ്‍ ഹാളിലാണ് ആയുര്‍വേദ ക്ലിനിക് സജ്ജീകരിച്ചിട്ടുള്ളത്. ഹോമിയോ ക്ലിനിക് പ്രവര്‍ത്തിക്കുന്നത് കടയ്ക്കല്‍ ജംഗ്ഷനിലാണ്. 9496260588(ആയുര്‍വേദം), 9497166396(ഹോമിയോ) നമ്പരുകളില്‍ ബന്ധപ്പെടാം.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെളിയത്ത് ആയുര്‍വേദ കോവിഡ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കി. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേന്‍ പിള്ള വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെളിയം ആയുര്‍വേദ ആശുപത്രിയില്‍ നടത്തിയ യോഗത്തില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ശിവപ്രസാദ്, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോജ്, വൈസ് പ്രസിഡന്റ് രമണി, സ്ഥിരം സമിതി അധ്യക്ഷന്‍ എം.ബി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖത്തലയിലെ നെടുമ്പന ഗ്രാമപ്പഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടി. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്‌സിനേഷന്‍ നല്‍കുന്നത് പൂര്‍ത്തിയായി. ആശുപത്രിയിലെത്തി രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവരുടെ പട്ടിക തയ്യാറാക്കി വാക്‌സിനേഷന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഗിരിജകുമാരി പറഞ്ഞു.
കൊട്ടാരക്കര നഗരസഭ പരിധിയില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസിന്റെ സമയ പരിധി കഴിഞ്ഞവര്‍ക്കായി നാളെ (ജൂലൈ 4)മുതല്‍ വിമലാംബിക എല്‍.പി. സ്‌കൂളിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് സ്‌പോട്ട് വാക്‌സിന്‍ ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയതായി നഗരസഭാ അധ്യക്ഷന്‍ എ.ഷാജു പറഞ്ഞു.