മഴക്കാല പകര്ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില് മഴക്കാല ശുചീകരണ പ്രവര്ത്തനങ്ങള് സജീവമായി നടന്നുവരുന്നതായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അനൂപ്കുമാര് അറിയിച്ചു. ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് എന്നിവ മുഖേനയാണ് ശുചീകരണ പ്രവര്ത്തനങ്ങള് നടന്നു വരുന്നത്. വീടും പരിസരങ്ങളും പൊതുസ്ഥലങ്ങളും ഇതിനോടനുബന്ധിച്ച് ശുചിയാക്കുന്നുണ്ട്. കൂടാതെ കോവിഡ് സാഹചര്യം നിലനില്ക്കുന്നതിനാല് രോഗലക്ഷണങ്ങളോടെ ആശുപത്രികളില് വരുന്ന രോഗികളില് മഴക്കാല രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നതിന് മെഡിക്കല് ഓഫീസര്മാര്ക്ക് നിര്ദ്ദേശം നല്കിയതായും ഡെപ്യൂട്ടി ഡി.എം.ഒ. അറിയിച്ചു.
ശുചീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില് മൂന്നു ദിവസങ്ങളില് ഡ്രൈ ഡേ ആചരിക്കുന്നുണ്ട്. വെള്ളിയാഴ്ചകളില് പൊതുസ്ഥലങ്ങളും ശനിയാഴ്ചകളില് ഓഫീസുകളും ഞായറാഴ്ചകളില് വീടും പരിസരവുമാണ് വൃത്തിയാക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്, അവശിഷ്ടങ്ങള്, കുടങ്ങള്, ഫ്രിഡ്ജ് ട്രേ, പഴയ ടയറുകള് എന്നിവ വൃത്തിയായി സൂക്ഷിക്കാന് പൊതുജനങ്ങള്ക്ക് ബോധവത്ക്കരണം നല്കുന്നതിന് ആരോഗ്യപ്രവര്ത്തകര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. ആദിവാസി മേഖലകളില് മഴക്കാല രോഗങ്ങള് ചെറുക്കുന്നതിന്റെ ഭാഗമായി കോളനികള് കേന്ദ്രീകരിച്ച് ബോധവത്ക്കരണം നല്കുന്നതിനും വൃത്തിയാക്കുന്നതിനും പ്രമോര്ട്ടര്മാര്, ആരോഗ്യപ്രവര്ത്തകര് മുഖേന പ്രവര്ത്തനങ്ങള് ഊര്ജ്ജിതമായി നടക്കുന്നുണ്ട്.
മഴക്കാല രോഗങ്ങള് റിപ്പോര്ട്ട് ചെയ്തത് നാല് പഞ്ചായത്തുകളില്
ജില്ലയില് കൊഴിഞ്ഞാമ്പാറ, അമ്പലപ്പാറ, അലനെല്ലൂര്, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തുകളിലാണ് നിലവില് മഴക്കാല രോഗങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. 22 പേര്ക്ക് ഡെങ്കിപ്പനി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 196 പേര് രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ജൂണില് 123 പേര്ക്ക് രോഗലക്ഷണങ്ങള് കണ്ടെത്തിയിട്ടുണ്ട്. ഇതു വരെ മൂന്ന് പേര്ക്കാണ് എലിപ്പനി റിപ്പോര്ട്ട് ചെയ്തത്. 26 പേര് എലിപ്പനി രോഗലക്ഷണങ്ങളോടെയും ചികിത്സയിലാണ്. എലിപ്പനി ബാധിച്ച് ഒരാള് മരണപ്പെടുകയും ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു.