മനുഷ്യജീവിതത്തിൻ്റെ വ്യത്യസ്തമായ അടയാളപ്പെടുത്തലുകളാണ് ഓരോ കൃതികളിലും ഒ.വി വിജയൻ വരച്ചിട്ടതെന്ന് മത്സ്യബന്ധന സാംസ്കാരിക യുവജന കാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒ.വി വിജയന്റെ ജൻമദിനാഘോഷം ‘വഴിയുടെ ദാർശനികത’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമയാർന്ന ബിംബങ്ങളും പ്രൗഢമായ ഭാഷാപ്രയോഗങ്ങളുമാണ് ഒ.വി വിജയൻ കൃതികളുടെ കരുത്ത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ അധാർമികതക്കെതിരെ അദ്ദേഹം തന്റെ എഴുത്തിലൂടെ പ്രതികരിച്ചു. ആ പ്രതിഭയെ വരും തലമുറയ്ക്ക് അടുത്തറിയാനായി തസ്രാക്കിൽ ഒരുക്കിയിരിക്കുന്നത് ശ്ലാഘനീയമാണ്. ഒ വി വിജയന്റെ രചനകൾ മലയാള സാഹിത്യത്തിൽ വേറിട്ട അധ്യായവും ഓർമ്മ പച്ചപ്പുമായി എക്കാലവും നിലനിൽക്കുമെന്നും മന്ത്രി പറഞ്ഞു.
ഒ വി വിജയൻ സ്മാരക സമിതി ചെയർമാൻ ടി.കെ നാരായണദാസ് അധ്യക്ഷനായ പരിപാടിയിൽ എം.എൽ.എമാരായ എ. പ്രഭാകരൻ, അഡ്വ. കെ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ടി. ആർ അജയൻ, അശോകൻ ചെരുവിൽ, പി മധു എന്നിവർ സംസാരിച്ചു.