* സ്വിച്ച് ഓൺ കർമ്മം മന്ത്രി ആന്റണി രാജു നിർവഹിച്ചു

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ലഭ്യമാക്കാൻ ജി-സ്പാർക്ക് സംവിധാനത്തിന് തുടക്കമായി. തിരുവനന്തപുരം ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ ജി-സ്പാർക്ക് സോഫ്റ്റ്വെയറിന്റെ സ്വിച്ച് ഓൺ കർമ്മം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു.

ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഇന്ധനവില വർദ്ധനവിലും കാര്യമായ വരുമാനം ഇല്ലെങ്കിലും വേതനത്തിൽ ഒരു കുറവും വരുത്താതെയാണ് ഇതുവരെ മുന്നോട്ട് പോകാൻ കഴിഞ്ഞത്.

74 കോടി രൂപ മുടക്കി നിർമ്മിച്ച കോഴിക്കോട് ബസ് സ്റ്റാൻഡിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ആർ.ടി.സിയുടെ മനോഹരമായ ഷോപ്പിംഗ് കോംപ്ലക്സ് 100 ദിന പരിപാടിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കും. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ ഉത്തരവ് എത്രയും വേഗം പുറപ്പെടുവിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന തരത്തിലാണ് ജി-സ്പാർക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കിട്ടുന്ന ശമ്പളത്തെ സംബന്ധിച്ചും അതിൽ വരുന്ന കുറവുകളെ സംബന്ധിച്ചും വ്യക്തമായ ധാരണ കിട്ടുന്ന സംവിധാനമായി മാറുകയാണ് ജി-സ്പാർക്ക്. കെ.എസ്.ആർ.ടി.സിയിലെ 27000 ത്തോളം വരുന്ന ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവനും ജി-സ്പാർക്ക് സോഫ്റ്റവെയറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശമ്പളം, ശമ്പള ബിൽ കാണുക, ലീവ്, പി.എഫ്,സർവീസ് സംബന്ധമായ വിവരങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ജി-സ്പാർക്ക് വഴി ഓൺലൈനായി ലഭ്യമാകും.

കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻറ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) മുഹമ്മദ് അൻസാരി സ്വാഗതം പറഞ്ഞു. എഫ്.എ & സി.എ.ഒ യുടെ ചുമതലയുള്ള ജനറൽ മാനേജർ-നോഡൽ ഓഫീസർ ആനന്ദകുമാരി എസ്, സയന്റിസ്റ്റ്, നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ പ്രതിനിധി ജയകുമാർ ജി, മാനേജർ സ്പാർക്ക് കേരള ഗിരീഷ് പറക്കാട്ട്, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. നാഷണൽ ഇൻഫർമാറ്റിക്‌സ് സെൻററും സ്പാർക്കും ചേർന്നാണ് സോഫ്ട്വെയർ തയ്യാറാക്കി പ്രവത്തന സജ്ജമാക്കിയത്.