മുളന്തുരുത്തി: കേരള കാർഷിക സർവ്വകലാശാല, കൃഷി വകുപ്പ് എന്നിവ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുളന്തുരുത്തിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ചന്തയുടെ ഭാഗമായി നടത്തിയ കർഷകരും കൃഷി ശാസ്ത്രജ്ഞരുമായുളള മുഖാമുഖം പരിപാടിയിൽ കാർഷിക മേഖലയിലെ പുത്തൻ പ്രവണതകളും കാലാവസ്ഥാ മാറ്റമടക്കമുള്ള വെല്ലുവിളികളും ചർച്ച ചെയ്തു.
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിത്തുകൾ, നടീൽവസ്തുക്കൾ, ജൈവവളങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ നൂറ് കർഷകർക്ക് സൗജന്യമായും മറ്റ് കർഷകർക്കും പൊതുജനങ്ങൾക്കും സർവ്വകലാശാല നിരക്കിലും ലഭ്യമാക്കി.
ജില്ലയിലെ വിവിധ ഫാമുകളിൽ നിന്നുള്ള അത്യുത്പാദന ശേഷിയുളള തൈകൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപനയും ഉണ്ടായിരുന്നു. മുളന്തുരുത്തി തിരുക്കൊച്ചി മാർക്കറ്റ് സമുച്ചയത്തിൽ അനൂപ് ജേക്കബ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജു പി നായർ അധ്യക്ഷത വഹിച്ചു. കൃഷി ശാസ്ത്രജ്ഞരായ ഡോക്ടർ എ കെ ശ്രീലത, ഡോക്ടർ ദീപ തോമസ്, ഡോക്ടർ വീണ വിഘ്നേശ്വരൻ എന്നിവർ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ബെന്നി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
