പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട്

കാസര്‍കോട്: ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഇഓഫീസ് പ്രഖ്യാപനം നടത്തും. മൃഗസംരക്ഷണവകുപ്പിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസിലേക്ക് കടക്കുന്നത് സംസ്ഥാനത്താദ്യമായാണ്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. സാബു എസ്.എം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. നാഗരാജ്, ഇ ഓഫീസ് നോഡല്‍ ഓഫീസര്‍ ഡോ ജി എം സുനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തിലെ മൃഗാശുപത്രികള്‍, ഫാമുകള്‍, ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഇഓഫീസ് സംവിധാനം നടപ്പാക്കിക്കഴിഞ്ഞു. 2016 ഒക്ടോബര്‍ മുതല്‍ സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടറേറ്റ് ഇഓഫീസ് സംവിധാനത്തിലേക്ക് മാറിയിരുന്നു. തുടര്‍ന്ന് ജില്ലാ ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ മുതല്‍ ഗ്രാമതലത്തിലേക്ക് ഇഓഫിസ് സംവിധാനം വ്യാപിപ്പിച്ചിരിക്കുന്നു. മൃഗസംരക്ഷണ വകുപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് കാസര്‍കോട്.
ഇഓഫീസ് നടപ്പിലാക്കുമ്പോള്‍ ഫയലുകള്‍ സുതാര്യമായും വേഗത്തിലും തീര്‍പ്പാക്കന്‍ കഴിയുന്നത് പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനകരമാണ്. ഇതുമൂലം പദ്ധതികള്‍ എളുപ്പത്തില്‍ നടപ്പാക്കുവാനും മോണിറ്റര്‍ ചെയ്യുവാനും സാധിക്കുന്നു. പൊതുജനങ്ങള്‍ക്ക് കത്തുകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുവാനും ഫയലുകള്‍ ട്രാക്ക് ചെയ്യുവാനും/ഓണ്‍ലൈനായി നിജസ്ഥിതി അറിയുവാനും സാധിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം ഫലപ്രദമായി നടപ്പിലാക്കുവാനും അത് വഴി കര്‍ഷകരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുവാനും, സേവനങ്ങളുടെ സുതാര്യത ഉറപ്പ് വരുത്തുവാനുമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.