തൃശ്ശൂർ: മൂന്നാം ഘട്ട കോവിഡ് വ്യാപനം തടയുന്നതിനും കോവിഡ് മുക്ത നഗരസഭ എന്നത് സാധ്യമാക്കുന്നതിൻ്റെയും ഭാഗമായി ഗുരുവായൂർ നഗരസഭ കോവിഡ് ജാഗ്രതാ സദസ്സുകൾ തുടങ്ങി. ഓൺലൈനായി നടക്കുന്ന ക്യാമ്പയിന് തുടർന്നുള്ള ദിവസങ്ങളിൽ വാർഡു തല ജാഗ്രതാ സദസ്സുകൾ നടക്കും. ഒറ്റക്കെട്ടായി നിന്ന് മഹാമാരിയെ ചെറുക്കാമെന്ന ആശയമാണ് ജാഗ്രതാ സദസ്സുകൾ തുടങ്ങാൻ കാരണമെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.
നഗരസഭയിലെ വാർഡ് കൗൺസിലർമാർ, ആർ ആർ ടി പ്രവർത്തകർ, കുടുംബശ്രീ ആരോഗ്യ വിഭാഗം പ്രവർത്തകർ, തൊഴിലുറപ്പ് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ, സാമൂഹിക – സാംസ്കാരിക പ്രവർത്തകർ, ഓട്ടോ – ടാക്സി യൂണിയൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങി എല്ലാ മേഖലകളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് പ്രതിരോധം സജ്ജമാക്കുന്നത്. കോവിഡ് ജാഗ്രതാ സദസ്സുകൾക്ക് നഗരസഭയിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകും.