തൃശ്ശൂർ: മണ്ണുത്തി ദേശീയ പാതയിലെ അശാസ്ത്രീയ കാന നിർമാണം പരിശോധിക്കാൻ എഞ്ചിനീയിറിങ് ടീം രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. മണ്ണുത്തി ദേശീയപാതയിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കലക്ടർ എസ് ഷാനവാസ്, മേയർ എം കെ വർഗീസ് എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയപാതയിലെ അശാസ്ത്രീയ കാന നിർമാണം മണ്ണുത്തി സെന്ററിൽ നിരന്തരമായ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ
എഞ്ചിനീയറിങ് കോളേജിലെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ടീമിനെ വാട്ടർ ലെവൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്താൻ മന്ത്രി കലക്ടറോട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മണ്ണുത്തി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വെള്ളം വീഴുന്ന പൈപ്പുകൾ കേടായതിനാൽ വെള്ളം നേരിട്ട് റോഡിലേക്ക് വിഴുന്ന അവസ്ഥയുണ്ട്. ഇതും വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ കേടായ പൈപ്പുകൾ 10
ദിവസത്തിനുള്ളിൽ നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി എൻ എച്ച് എ ഐയോട് നിർദ്ദേശിച്ചു.മണ്ണുത്തി ദേശീയപാതയിലെ കാന നിർമ്മാണത്തിന്റെ ആദ്യം മുതലുള്ള അശാസ്ത്രീയത പരിഹരിച്ച് വെള്ളം പൂർണമായി ഒഴുകുന്നതിന് സൗകര്യം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ആഴ്ചയിലും ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തണം.എൻ എച്ച് എ ഐ, പി.ഡബ്ല്യൂഡി ഉദ്യേഗസ്ഥരും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ പരിശോധിച്ചു.