കാസർഗോഡ്: വനിതാശിശു വികസന വകുപ്പിന്റേയും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസിനേയും നേതൃത്വത്തില്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പച്ചക്കറി കൃഷി പരിപാലന പരിപായി പുരോഗമിക്കുന്നു. ജൂണില്‍ ആരംഭിച്ച കൃഷി പരിപാലന പരിപാടി 2022 മെയ് വരെ തുടരും. ജില്ലയിലെ അങ്കണവാടികളിലും വീടുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പച്ചക്കറി തൈകള്‍ നട്ട് പരിപാലിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ്, എ.എല്‍.എം.എസ്.സി, തൊഴിലുറപ്പ്, സി.പി.സി.ആര്‍.ഐ, കുടുംബശ്രീ, വിവിധ സംഘടനകള്‍, തദ്ദേശീയരായ കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ വിവിധ പച്ചക്കറികള്‍ തെരഞ്ഞെടുത്താണ് കൃഷിയെന്ന് വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ കവിതാറാണി രഞ്ജിത്ത് പറഞ്ഞു.

ജനുവരിയില്‍ വെള്ളരി, വഴുതന, തക്കാളി, പടവലം, കുമ്പളം, പാവല്‍, മുളക്, പയര്‍ ചീര തുടങ്ങിയവയും ഫെബ്രുവരിയില്‍ വഴുതന, തക്കാളി, വെണ്ട, പയര്‍, ചീര തുടങ്ങിയവയും മാര്‍ച്ചില്‍ തക്കാളി, വെണ്ട, പയര്‍, ചീര തുടങ്ങിയവയും ഏപ്രിലില്‍ വെള്ളരി, പാവല്‍, കുമ്പളം, മത്തന്‍, മുളക്, പയര്‍,ചീര ചീര തുടങ്ങിയവയും മെയില്‍ മാസം മുരിങ്ങ, വഴുതന, മുളക്, പയര്‍, ചേന, ചേമ്പ്,ചീര തുടങ്ങിയവയും ജൂണില്‍ വഴുതന, മുരിങ്ങ, വെണ്ട, ചേമ്പ്, പയര്‍, ചേന തുടങ്ങിയവയും ജൂലൈയില്‍ വെണ്ട, പയര്‍ തുടങ്ങിയവയും ആഗസ്റ്റില്‍ മാസം മുളക്, ചീര, പയര്‍ തുടങ്ങിയവയും സെപ്തംബറില്‍ വെള്ളരി, വഴുതന, പടവലം, തക്കാളി, കുമ്പളം, പാവല്‍, മത്തന്‍, പയര്‍, ചീര തുടങ്ങിയവയും ഒക്ടോബറില്‍ കോളിഫ്ലവർ കാബേജ്, വഴുതന, തക്കാളി, വെണ്ട, പയര്‍, ചേന, ചേമ്പ്, ചീര തുടങ്ങിയവയും നവംബറില്‍ കോളിഫ്ലവർ, കാബേജ്, വെണ്ട, പയര്‍, ചേന, ചേമ്പ്. ചീര തുടങ്ങിയവയും ഡിസംബറില്‍ തക്കാളി, മുളക്, ചീര, പയര്‍ തുടങ്ങിയവയുമാണ് കൃഷി ഇറക്കുന്നത്.