തൃശൂർ:   വിപിഎം എസ്എൻഡിപി ഹയർ സെക്കന്ററി കഴിമ്പ്രം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഓൺലൈൻ ക്ലാസുകൾ നഷ്ടമാകില്ല. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠന സഹായത്തിന് ഇനി മുതൽ ഗുരു കാരുണ്യ സ്മാർട്ട് ഫോൺ ലൈബ്രറിയുണ്ട്. സ്മാർട്ട് ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.ഓൺലൈൻ വിദ്യഭ്യാസത്തിനായി 140 സ്മാർട്ട് ഫോണുകളാണ് ലൈബ്രറിയിലേക്ക് ലഭിച്ചത്.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ലൈബ്രറിയില്‍ നിന്ന് ഇവ സൗജന്യമായി എടുത്ത് ഉപയോഗിക്കാം. അധ്യായന വര്‍ഷം കഴിയുമ്പോൾ ഉപയോഗശേഷം ഫോണ്‍ തിരികെ നല്‍കണം. അതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രദേശത്തെ സന്നദ്ധ കൂട്ടായ്മകള്‍ എന്നിവരാണ് ലൈബ്രറിയിലേക്ക് സ്മാര്‍ട്ട് ഫോണുകള്‍ എത്തിക്കുന്നതിന് സഹായം നൽകിയത്. വിപിഎം എസ്എൻഡിപി ഹയർ സെക്കന്ററി കഴിമ്പ്രം സ്കൂൾ ഹെഡ്മിസ്ട്രസ് എം പി നടാഷ, പ്രിൻസിപ്പാൾ ഒ വി സാജു, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിതാ ആഷിഖ്, അധ്യപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.