വയനാട്: പി എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച താഴെ കരണി- കല്ലന്‍ച്ചിറ റോഡ് രാഹുല്‍ഗാന്ധി എം പി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കല്ലന്‍ചിറ പ്രദേശത്തെ മീനങ്ങാടി- പനമരം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന സുപ്രധാനമായ റോഡാണിത്. റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായതോടെ പ്രദേശത്തെ നൂറ് കണക്കിന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് അനായാസം കരണിയടക്കമുള്ള പ്രദേശങ്ങളിലെത്താന്‍ സാധിക്കും.

റോഡിനായി പ്രവര്‍ത്തിച്ച മുഴുവനാളുകളെയും രാഹുല്‍ഗാന്ധി എം പി അഭിനന്ദിച്ചു. അഡ്വ. ടി സിദ്ധിക്ക് എം.എല്‍.എ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് നജീബ് കരണി തുടങ്ങിയവര്‍ പങ്കെടുത്തു.