കൊല്ലം:  കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പുനലൂര്‍ നഗരസഭയില്‍ കോവിഡ് പരിശോധനകള്‍ കൂടുതല്‍ വ്യാപകമാക്കും. ജനങ്ങളുമായി അടുത്ത് ഇടപഴകുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍, പഴം, പച്ചക്കറി, മത്സ്യ വില്‍പനക്കാര്‍, വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരില്‍ ഘട്ടംഘട്ടമായി പരിശോധനകള്‍ നടത്തും. ദിവസം 100 പേരെ പരിശോധിക്കാനാണ് തീരുമാനം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനകള്‍ക്ക് പുറമെ ആണിത്. രോഗവ്യാപനതോത് കുറയ്ക്കുന്നതിന് പോസിറ്റീവ് ആകുന്നവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നു നഗരസഭാ വൈസ് ചെയര്‍മാന്‍ വി. പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ജില്ലാപഞ്ചായത്തിന്റ നേതൃത്വത്തില്‍ പാങ്ങോട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കോവിഡ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാലില്‍ നിന്നും പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ഡോ.ധന്യ ആര്‍.ദേവ് എന്നിവര്‍ പ്രതിരോധ മരുന്നുകള്‍ ഏറ്റുവാങ്ങി.