എറണാകുളം: വടവുകോട് പുത്തന്‍ കുരിശ് ഗ്രാമപഞ്ചായത്തിലെ ജലസമൃദ്ധമായ പന്നിക്കുഴിച്ചിറ ഗതകാല പ്രൗഡി വീണ്ടെടുത്തു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം വരുന്ന ചിറ ജില്ലയിലെ തന്നെ ഏറ്റവും വലിപ്പമുള്ള പൊതു കുളങ്ങളിലൊന്നാണ്. ഹരിത കേരളം പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്താണ് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപയും സൗദ്ധര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്‍റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ജില്ലയിലെ നാശോന്മുഖമായ ജലസ്രോതസ്സുകള്‍ വീണ്ടെടുക്കാനുദ്ദേശിച്ച് നടപ്പിലാക്കിയ ‘എന്‍റെ കുളം എറണാകുളം’ ക്യാമ്പയിന്‍റെ ഭാഗമായി 2018 ല്‍ 100 പൊതുകുളങ്ങള്‍ പൊതു ജനപങ്കാളിത്തത്തോടെ ശുചീകരിച്ചതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശുചീകരണോത്ഘാടനം നിര്‍വ്വഹിച്ച് നാടിന് സമര്‍പ്പിച്ച നൂറാമത്തെ കുളമായിരുന്നു പന്നിക്കുഴിച്ചിറ.
നാടിന്‍റെ വറ്റാത്ത ജല സ്രോതസ്സായിരുന്ന ചിറ കാലക്രമത്തില്‍ ചെളിയും പായലും മാലിന്യങ്ങളും നിറഞ്ഞ് ഉപയോഗ ശൂന്യമായിത്തീരുകയായിരുന്നു. 2018 ല്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ ഉല്‍സവാന്തരീക്ഷത്തിലാണ് പായലും പോളയും ചെളിയും നീക്കം ചെയ്ത് കുളം വീണ്ടെടുത്തത്. ചിറയുടെ സമഗ്രമായ നവീകരണം നടത്തുന്നതിന് മുഖ്യ മന്ത്രി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. പലയിടത്തും ഇടിഞ്ഞു പോയിരുന്ന വശങ്ങളിലെ കെട്ടുകള്‍ പുതുക്കിപ്പണിതും ചിറയിലേക്കുള്ള റോഡ് ടൈല്‍ വിരിച്ചും ചെളിയും പായലും നീക്കം ചെയ്തും അതി മനോഹരമാക്കിയിക്കുകയാണ് ചിറ. കോവിഡ് മഹാമാരി മൂലം കാലതാമസമുണ്ടായെങ്കിലും ചിറയുടെ സൗദ്ധര്യവും, ഉപയോഗക്ഷമതയും പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ നിര്‍മ്മാണ സൗദ്ധര്യവല്‍ക്കരണ പദ്ധതികളിലൂടെ കഴിഞ്ഞു.
നവീകരിച്ച പന്നിക്കുഴി ചിറയുടെ ഉദ്ഘാടനം പി.വി. ശ്രീനിജൻ എം.എൽ.എ നിർവഹിക്കുന്നു. ജില്ലാ കളക്ടർ എസ്. സുഹാസ് ഹരിത കേരളം ജില്ലാ കോ- ഓർഡിനേറ്റർ സുജിത് കരുൺ എന്നിവർ സമീപം.
കുന്നത്തുനാട് എം എല്‍ എ പി. വി. ശ്രീനിജന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.കെ അശോകകുമാര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗം കമ്മറ്റി ചെയര്‍മാന്‍ ജൂബിള്‍ ജോര്‍ജ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ് തുടങ്ങിയവര്‍ പങ്കെടുത്തു.