പാലക്കാട്:   കോവിഡ് പരിശോധന വർദ്ധിപ്പിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയും ചെയ്ത സാഹചര്യത്തിൽ പൂർണമായി അടച്ചിടുന്നതിൽ നിന്നും കണ്ണാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. അതേസമയം, ഈ പഞ്ചായത്തിൽ സി കാറ്റഗറിയിലുള്ള നിയന്ത്രണങ്ങൾ തുടരും. ഇവിടെ കോവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്ന എല്ലാവരും നിർബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കൂടുതൽ ഉള്ള പഞ്ചായത്തുകളിൽ കോവിഡ് പരിശോധന വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യം, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ പോലീസ്, ആരോഗ്യം, പഞ്ചായത്ത് അധികൃതരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.ഓരോ പഞ്ചായത്തുകളിലും ഹോം ഐസൊലേഷനിലുള്ള ആളുകളുടെ ക്വാറന്റൈൻ നടപടികൾ പരിശോധിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആരോഗ്യം, പഞ്ചായത്ത് അധികൃതരുടെയും ആർ ആർ ടി മാരുടെയും സഹകരണം ഉറപ്പാക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി.
ജൂലൈയിൽ നടത്തുന്ന സി.എ പൊതുപരീക്ഷക്ക് സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നും യോഗത്തിൽ ജില്ലാ കലക്ടർ നിർദേശിച്ചു. ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ പി റീത്ത എന്നിവർ പങ്കെടുത്തു.