കാസര്‍ഗോഡ് : സമഗ്ര ശിക്ഷാ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും സാധ്യമാക്കുന്നതിനുള്ള പഠനകിറ്റുകള്‍ തയ്യാറായി. ജില്ലയിലെ 100 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കിറ്റുകള്‍ ലഭിക്കുക. കാലിക്കറ്റ് സര്‍വകലാശാലയുടെ സിഡിഎംആര്‍ പ്രോജക്ടിന്റെയും എന്‍ഐഇപിഐഡി സെക്കന്തരാബാദിന്റെയും സഹായത്തോടെയാണ് സംസ്ഥാനത്ത് ഒരു കോടി രൂപയുടെ പഠനോപകരണങ്ങള്‍ ലഭ്യമായിരിക്കുന്നത്. ജില്ലയില്‍ 10 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുക. ജൂലൈ എട്ടിന് കാസര്‍കോട് ടൗണ്‍ ജിയുപി സ്‌കൂളില്‍ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വിതരണോദ്ഘാടനം നടക്കുക.

കുട്ടികളുടെ പ്രായം, വൈകല്യത്തിന്റെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയവയാണ് ഈ പഠനോപകരണ കിറ്റുകള്‍. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വീടുകളില്‍നിന്ന് പരിശീലനം നല്‍കാന്‍ സഹായകരമായ ഇരുപത്തി രണ്ടോളം പരിശീലന സഹായ ഉപകരണങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയ വിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് ഇവ സഹായകരമാവും.
സംസ്ഥാനതല വിതരണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് നിര്‍വഹിച്ചു. കിറ്റിലെ ഉപകരണങ്ങളുടെ ഉപയോഗക്രമം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈനായി സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍ പരിശീലനം നല്‍കും. തുടര്‍പിന്തുണ സംവിധാനവുമുണ്ടാകും. 10,000 രൂപയെങ്കിലും വില വരുന്നതാണ് ഓരോ കിറ്റും.മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുള്ളത്. അവര്‍ എത്തിച്ചേരേണ്ട തീയതി, സ്ഥലം, കൊണ്ടുവരേണ്ട രേഖകള്‍ തുടങ്ങി എല്ലാ വിവരവും അറിയിച്ചിട്ടുണ്ടെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡി നാരായണ എന്നിവര്‍ അറിയിച്ചു.