കോട്ടയം:  വനവത്ക്കരണ പരിപാടികളിൽ നടുന്ന വൃക്ഷത്തൈകള്‍ പരിപാലിച്ചു വളര്‍ത്താനും ജാഗ്രത പുലര്‍ത്തണമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിച്ചു.വാട്ടര്‍ അതോറിറ്റിയുടെ മേവെള്ളൂര്‍ ശുദ്ധീകരണശാലാ പരിസരത്ത് വന മഹോത്സവവും ഹരിതവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനുഷ്യരുടെ നീതികരിക്കാനാവത്ത ചൂഷണം മൂലം ദേശീയ തലത്തില്‍ നമ്മുടെ വന വിസ്തൃതി കുറഞ്ഞുവരികയാണ്. വനം മാത്രമല്ല, പ്രകൃതി പൊതുവിലും അമിതമായ ചൂഷണത്തിന് വിധേയമാകുന്നു. ഇത് കാലാവസ്ഥാവ്യതിയാനത്തിന് വഴിതെളിക്കുന്നു.

വനവത്കരണത്തിന്‍റെ പ്രധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ വീട്ടിലും ഒരു തൈ എങ്കിലും നടാനും അത് പരിപാലിച്ചു വളര്‍ത്താനും ശ്രദ്ധിക്കണം. മേവെള്ളൂരില്‍ നടപ്പാക്കുന്നതുപോലെതന്നെ സംസ്ഥാന തലത്തില്‍ വനവത്കരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നടുന്ന മരങ്ങളുടെ സംരക്ഷണം ഒരു പരിധി വരെ ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും-അദ്ദേഹം പറഞ്ഞു.ഹരിതവത്കരണത്തിന്‍റെ ഭാഗമായി മേവെള്ളൂരില്‍ നാല് ഏക്കറോളം സ്ഥലത്ത് വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ മൂവായിരം വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിക്കുന്നത്.

ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ജോര്‍ജി പി. മാത്തച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫീൽഡ് ഡയറക്ടർ കെ. ആർ അനൂപ് വനമഹോത്സവ സന്ദേശം നൽകി.വനം വകുപ്പ് ആദ്യമായി ലഭ്യമാക്കുന്ന ജാപ്പനീസ് സീഡ് ബോളുകളുടെ വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലൂക്ക് മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം അമല്‍ ഭാസ്‌കര്‍, ഗ്രാമപഞ്ചായത്തംഗം ശാലിനി മോഹൻ, സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ ഡോ. ജി. പ്രസാദ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ പി ഉഷ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ എം. വിമൽ, എം.എൻ ജയചന്ദ്രൻ നായർ, എക്സിക്യൂട്ടീവ് എന്‍ജിനീയർ കെ .സുരേഷ്,
അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എസ് അനിൽ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.