ആലപ്പുഴ: ദേശീയ നിയമസേവ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ജില്ല നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ജൂലൈ ഒൻപതിന് രാവിലെ 10 മുതൽ ദേശീയ ഇ- ലോക് അദാലത്ത് നടത്തും. കോവിഡ് മാനദണ്ഡ പ്രകാരമാണ് അദാലത്ത് നടത്തുക. നിലവിൽ കോടതികളുടെ പരിഗണനയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകൾ, കെ.എസ്.ഇ.ബി., ജല അതോറിറ്റി, ബി.എസ്.എൻ.എൽ., സ്വകാര്യ മൊബൈൽ കമ്പനികൾ, തൊഴിൽ വകുപ്പ് എന്നിവർ സമർപ്പിച്ച കേസുകൾ, രജിസ്‌ട്രേഷൻ വകുപ്പ് സമർപ്പിച്ച അണ്ടർ വാല്യൂവേഷൻ സംബന്ധിച്ച കേസുകൾ, ഏതെങ്കിലും കോടതിയുടെ പരിധിയിൽ വരാവുന്നതും നിയമപ്രകാരം ഒത്തുതീർപ്പാക്കാവുന്നതുമായ തർക്കങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും.

കുറ്റസമ്മതം നടത്തി പിഴ ഒടുക്കി തീർപ്പാക്കാവുന്ന കേസുകളും ലോക് അദാലത്തിലൂടെ പരിഹരിക്കും. അദാലത്തിലെ ഒത്തുതീർപ്പ് അന്തിമവും കോടതികളിൽ അപ്പീൽ ഇല്ലാത്തതുമാണ്. കോടതിയിൽ നിലവിലുള്ള കേസുകൾ ലോക് അദാലത്തിൽ ഒത്തുതീർപ്പായാൽ അടച്ച കോർട്ട് ഫീസ് തിരികെ ലഭിക്കും. അദാലത്തിൽ പങ്കെടുത്ത് അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഡീഷണൽ ജില്ല ജഡ്ജും ജില്ല നിയമ സേവന അതോറിറ്റി ചെയർമാനുമായ പി.എസ്. ശശികുമാർ അറിയിച്ചു.