പാലക്കാട്:പുഞ്ചപ്പാടം അപകട വളവിലെ പ്രശ്‌ന പരിഹാരത്തിനായി റവന്യു, കെ.എസ്.ഇ.ബി, വാട്ടര് അതോറിറ്റി വകുപ്പുകളെ കോര്ത്തിണക്കി അടിയന്തര ഇടപെടല് സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒറ്റപ്പാലം മുണ്ടൂര്– തൂത റോഡ് സന്ദര്ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആളുകളുടെ ജീവന് പൊലിയുന്ന സാഹചര്യമുള്ളതിനാല് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് ചേര്ത്ത് കാര്യങ്ങള് വേഗത്തിലാക്കും. ഇത് സംബന്ധിച്ച് എം.എല്.എ തുടര്ച്ചയായി ശ്രദ്ധയില്പ്പെടുത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള് ബന്ധപ്പെട്ട് കിടക്കുന്നതാണ് പുഞ്ചപ്പാടം അപകട വളവ്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില് ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള പ്രധാന പാതയായാണ് മുണ്ടൂര്– തൂത നാലുവരിപ്പാതയെ കണ്ടിരുന്നത്. കേരള പുനര്നിര്മ്മാണ പദ്ധതിയുടെ ഭാഗമായി അന്തര്ദേശീയ നിലവാരത്തില് നവീകരിച്ചാണ് ഇതിന്റെ പ്രവര്ത്തനം നടത്താന് ഉദ്ദേശിച്ചിട്ടുള്ളത്. കൂടാതെ മലമ്പുഴ, മുണ്ടൂര്, കോങ്ങാട്, ഒറ്റപ്പാലം എന്നിങ്ങനെ നാല് നിയമസഭാ മണ്ഡലങ്ങള് ചേര്ന്നു കിടക്കുന്ന പദ്ധതിയായതിനാല് വേണ്ടത്ര ഗൗരവത്തിലാണ് പദ്ധതിയെ സമീപിക്കുന്നത്. ഹൈദരാബാദിലെ കെ.എം.സി കണ്സ്ട്രക്ഷന് ലിമിറ്റഡ് കമ്പനിക്കാണ് നിര്മ്മാണ ചുമതല. രണ്ടു വര്ഷത്തേക്കായിരുന്നു കരാര്. അഞ്ചുവര്ഷത്തെ നവീകരണ ചുമതലയും കമ്പനിക്കുണ്ട്. റവന്യൂ ഭൂമി ഒഴിപ്പിക്കാന് ഉള്ളതിനാല് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നില്ല. മറ്റ് വകുപ്പുകളുമായി കൂടി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള് പരിഹരിച്ച് പദ്ധതി വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പഞ്ചായത്തുകളില് ടൂറിസം പദ്ധതി നടപ്പാക്കും
ടൂറിസം മേഖലയില് പാലക്കാട് ജില്ലയുടെ സാധ്യത മനസ്സിലാക്കി മുന്നോട്ടു പോകുമെന്നും എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന് പദ്ധതി നടപ്പാക്കാന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്ക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതി സുന്ദരമായ സ്ഥലങ്ങള് കൂടാതെ ചരിത്ര, സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങള് കൂടി തിരിച്ചറിഞ്ഞാണ് ഇത്തരം സ്ഥലങ്ങള് കണ്ടെത്തുകയെന്നും മന്ത്രി അറിയിച്ചു. എം.എൽ.എ അഡ്വ കെ പ്രേംകുമാർ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.