കാസർകോട്: താലൂക്കിൽ കാസർകോട് തളങ്കര വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ ആരിക്കാടി, കോയിപ്പാടി വില്ലേജുകളിലുമായി 54 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന കണ്ടൽ വനമേഖലകളെ റിസർവ് വനമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു. കാസർകോട് വനം ഡിവിഷന്റെ ആഭിമുഖ്യത്തിൽ വനമഹോത്സവം 2021 ജില്ലാതല പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് റേഞ്ചിലെ നെല്ലിക്കുന്ന് പള്ളം പ്രദേശത്ത് കണ്ടൽത്തൈകളുടെ നടിൽ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നതും നിലവിലുള്ള മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതും ഓരോ വ്യക്തികളുടേയും കടമയാണെന്നും ഇക്കാര്യത്തിൽ എല്ലാവരുടേയും യോജിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

എൻ എ നെല്ലിക്കുന്ന് എം എൽ എ അധ്യക്ഷനായി. കാസർകോട് നഗരസഭ ചെയർമാൻ പി എം മുനീർ, കാസർകോട് ഡി.എഫ്.ഒ അജിത് കെ രാമൻ, റേഞ്ച് ഓഫീസർമാരായ സോളമൻ, തോമസ,് ജോർജ്, അബ്ദുള്ള കുഞ്ഞിപറമ്പത്ത് എന്നിവരും പങ്കെടുത്തു.
കണ്ടൽ തൈകൾ നട്ടു കൊണ്ട് കണ്ടാൽ മേഖലകളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും സന്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള കണ്ടൽവനങ്ങളുടെ പരിപാലനം, ബോവിക്കാനം-കുണ്ടൂച്ചി വനമേഖലയിലെ വിദേശ കളകളുടെ നിർമാർജനം, ഇരിയണ്ണിമേഖലയിലെ ആദിവാസി കോളനികളിൽ വനസംരക്ഷണത്തെക്കുറിച്ചും വനമഹോത്സവ പ്രാധാന്യത്തെക്കുറിച്ചുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, പാണ്ടി വനമേഖലയിൽ ഫലവൃക്ഷത്തൈകളുടെ നടീൽ എന്നീ പ്രവർത്തനങ്ങളും വനമഹോത്സവത്തോടനുബന്ധിച്ച് നടത്തി.