തിരുവനന്തപുരം: തെങ്ങിന്‍തൈകള്‍ ഉള്‍പ്പെടെയുളള വിവിധ കാര്‍ഷിക വിളകളുടെ നടീല്‍ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനത്ത് നിയമം കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും നടീല്‍ വസ്തുക്കള്‍ ശേഖരിയ്ക്കുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും ഗുണ നിലവാരമില്ലാത്തവ ലഭിക്കുന്നത് വിളവിനെ സാരമായി ബാധിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ആനാട് പഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ പരിപാടികളിലും ഇനി മുതല്‍ പ്രദേശത്തെ ഒരു കര്‍ഷകന്‍ വേദിയില്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടാകുമെന്നും അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന വരുമാനവും മാന്യതയും ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഈ മാസം (ജൂലൈ) ഒന്നു മുതല്‍ 15 വരെ വിള ഇന്‍ഷുറന്‍സ് പക്ഷാചരണം നടന്നുവരികയാണ്. എത്ര ചെറിയ വിളകളാണ് കൃഷി ചെയ്യുന്നതെങ്കിലും കര്‍ഷകര്‍ അത് ഇന്‍ഷുര്‍ ചെയ്യാന്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചെറിയ തുകയ്ക്ക് 27 തരം കാര്‍ഷിക വിളകള്‍ ഇപ്പോള്‍ ഇന്‍ഷുര്‍ ചെയ്യാമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനായ കെ.പുഷ്‌കരന്‍നായരെ അരികില്‍ നിര്‍ത്തിയാണ് മന്ത്രി വിളക്കുകൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തത്. സമഗ്ര നാളികേരവികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ അംഗമാകുന്നതോടെ ആനാട് പഞ്ചായത്തിന് കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡി.കെ.മുരളി എം.എല്‍.എ പറഞ്ഞു. പ്രദേശത്തെ എല്ലാ കര്‍ഷകരും പദ്ധതി പ്രയോജനപ്പെടുത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരഗ്രാമം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 50 ലക്ഷത്തി പതിനേഴായിരം രൂപയും രണ്ടും മൂന്നും ഘട്ടങ്ങളിലായി യഥാക്രമം ഇരുപത് ലക്ഷം, ആറു ലക്ഷത്തി ഇരുപത്തി അയ്യായിരം എന്ന നിലയിലുമാണ് പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നത്.
ആനാട് ഗവ: എല്‍.പി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. ഗംഗാ ബോണ്ടം, ചാപ്പാണന്‍, ചാവക്കാട് ഗ്രീന്‍ സ്വാര്‍ഫ് തുടങ്ങി തെങ്ങിന്‍ തൈകളുടെയും നാളികേരത്തിന്റെയും പ്രദര്‍ശനവും കര്‍ഷകര്‍ക്ക് വിള ഇന്‍ഷുര്‍ ചെയ്യുന്നതിനുളള സംവിധാനവും ഒരുക്കിയിരുന്നു.ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി തുടങ്ങിയ ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവരും സംബന്ധിച്ചു.