* ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ വെബ് അധിഷ്ഠിത പരിശോധനാ സംവിധാനത്തിന് തുടക്കമായി
വ്യവസായശാലകളിലെ തൊഴില്‍ജന്യ രോഗങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി തടയുന്നതിന് ഫാക്ടറി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിലാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ വെബ് അധിഷ്ഠിത പരിശോധനാ സംവിധാനത്തിന്റെ (വെബ് എനേബിള്‍ഡ് റിസ്‌ക് വെയിറ്റഡ് ഇന്‍സ്‌പെക്ഷന്‍ സ്‌കീം) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഫാക്ടറികളില്‍ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ അപകട സാധ്യതാഘടകങ്ങളും സാഹചര്യവും തൊഴില്‍ജന്യരോഗങ്ങളും തടയുന്നതിന് ഗവേഷണ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യും. നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയുമായും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ചുമായും സഹകരിച്ച് പ്രത്യേക വ്യാവസായിക ദുരന്ത നിവാരണ പദ്ധതി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
വ്യവസായ വളര്‍ച്ച കൈവരിക്കുന്നതിന് തൊഴില്‍മേഖലയില്‍ സുരക്ഷ ഉറപ്പാക്കണം. നാടിന്റെ വികസനവും വ്യവസായവളര്‍ച്ചയും സുരക്ഷിത തൊഴിലിടങ്ങളും പരസ്പരപൂരകങ്ങളാണ്. മെച്ചപ്പെട്ട വ്യവസായാന്തരീക്ഷം സൃഷ്ടിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളില്‍  സര്‍ക്കാരുണ്ടാക്കിയ പുരോഗതി വ്യവസായ നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. കൂടുതല്‍ തൊഴിലവസരങ്ങളും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ വ്യവസായ-സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യം. കേരളത്തെ നിക്ഷേപ സൗഹൃദസംസ്ഥാനമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും കാര്യമായ പങ്കുണ്ട്. വ്യവസായശാലകള്‍ സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം സ്ഥാപന ഉടമകള്‍ നിറവേറ്റുന്നുണ്ടെന്ന് സുതാര്യവും ഫലപ്രദവുമായ പരിശോധനകളിലൂടെ  ഉറപ്പുവരുത്തുകയാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതല.
ഫാക്ടറികള്‍ അപകടതീവ്രതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പ്രത്യേക സോഫ്ട്‌വെയര്‍ ഉള്‍പ്പെടുത്തിയ ടാബ്‌ലറ്റുകളുടെ സഹായത്തോടെ ഇ-ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ക്കുള്ള ടാബ്‌ലറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.